Minnal Murali Premiere: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘മിന്നൽ മുരളി’യുടെ ഗ്ലോബൽ പ്രീമിയർ പ്രദർശനം വ്യാഴാഴ്ച വൈകിട്ട് മുംബൈയിൽ വച്ച് നടന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ വച്ചായിരുന്നു പ്രീമിയര്‍ നടന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമ കണ്ടിറങ്ങിയവരുടെ ആദ്യപ്രതികരണം, മലയാളത്തിനു അഭിമാനം സമ്മാനിക്കുന്ന ചിത്രമാണ് മിന്നൽ മുരളി എന്നാണ്.
“പ്രതീക്ഷിച്ചതുപോലെ തന്നെ, ‘ബേസിൽ സിനിമാറ്റിക് യൂണിവേഴ്സിറ്റിയോട്’ യോജിക്കുന്ന ഫ്രണ്ട്‌ലിയായ ഒരു അയൽപ്പക്ക സൂപ്പർഹീറോയാണ് മിന്നൽ മുരളി. ആക്ഷനും വിഎഫ്‌എക്‌സുമെല്ലാം മികച്ച രീതിയിൽ ചെയ്തിട്ടുള്ള ഒരു ലളിതമായ സിനിമ,” എന്നാണ് ജിയോ മാമി ഫെസ്റ്റിവലിൽ പ്രീമിയർ കണ്ട വിവേക് എന്ന പ്രേക്ഷകൻ ട്വീറ്റ് ചെയ്യുന്നത്.
ഇടിമിന്നൽ ഏൽക്കുന്നതിലൂടെ അത്ഭുതശക്തികൾ ലഭിക്കുന്ന മുരളി എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ‘മിന്നൽ മുരളി’ നിര്‍മ്മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ്.
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്ന ‘മിന്നൽ മുരളി’ ഡിസംബർ 24ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്യുന്നത്.