ബേസിൽ ജോസഫ്- ടൊവിനോ തോമസ് ടീമിന്റെ ദേശീ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ മികച്ച പ്രതികരണം നേടി നെറ്റ്ഫ്ളിക്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിനു പിന്നിലെ അണിയറ രഹസ്യങ്ങളും സംവിധായകൻ ഒളിപ്പിച്ചുവച്ച ബ്രില്ല്യൻസുകളും മേക്കിംഗ് വീഡിയോയുമൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംസാരവിഷയം.
ഇപ്പോഴിതാ, ചിത്രത്തെ സംബന്ധിക്കുന്ന കൗതുകമുള്ളൊരു കാര്യം വെളിപ്പെടുത്തുകയാണ് സംവിധായകൻ ബേസിൽ. ‘മിന്നൽ മുരളി’ ടീമിനൊപ്പം നടി ഐശ്വര്യ ലക്ഷ്മിയും ഉണ്ടായിരുന്നു എന്നാണ് ബേസിലിന്റെ വെളിപ്പെടുത്തൽ. നടി ആയല്ല, ഡബ്ബിംഗ് ആർട്ടിസ്റ്റായാണ് ഐശ്വര്യ മിന്നൽ മുരളിയുടെ ഭാഗമായിരിക്കുന്നത്.
ചിത്രത്തിൽ മിന്നൽ എന്ന പ്രതിഭാസത്തെ കുറിച്ച് ടീച്ചർ ജോസ്മോനും മറ്റു കുട്ടികൾക്കും ക്ലാസ് എടുക്കുന്ന ഒരു രംഗമുണ്ട്. അപ്പോൾ എഴുന്നേറ്റ് നിന്ന് “അപ്പോ മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ? ടീച്ചറേ,” എന്നു സംശയം ചോദിക്കുന്ന പെൺകുട്ടിയ്ക്ക് വേണ്ടിയാണ് ഐശ്വര്യ ഡബ്ബ് ചെയ്തിരിക്കുന്നത്. ഐശ്വര്യ ഡബ്ബ് ചെയ്യുന്ന വീഡിയോ ഷെയർ ചെയ്തു കൊണ്ടാണ് ബേസിൽ ഈ വിശേഷം പങ്കുവച്ചത്.
Read more: ടൊവിനോയ്ക്ക് ചെക്ക് വച്ച് സുരാജ് വെഞ്ഞാറമൂട്; നിങ്ങൾക്കും മിന്നലേറ്റോ എന്നാരാധകർ
ഡിസംബർ 24ന് റിലീസ് ചെയ്ത ‘മിന്നൽ മുരളി’ നെറ്റ്ഫ്ളിക്സ് ഇന്ത്യ ടോപ്പ് 10 ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്ത തരത്തിലുള്ള പ്രീ-റിലീസ് പബ്ലിസിറ്റി മിന്നൽ മുരളിയ്ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയിരുന്നു. റിലീസിനു മുന്‍പ് സൃഷ്‍ടിക്കപ്പെട്ട ഹൈപ്പ് കണ്ട് ആവേശത്തോടെ എത്തിയ പ്രേക്ഷകരെ ‘മിന്നൽ മുരളി’ നിരാശരാക്കിയില്ലെന്നതിന് തെളിവാണ് ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യതയും പ്രതികരണങ്ങളും.
മിന്നൽ മുരളിയായി എത്തിയ ടൊവിനോ മാത്രമല്ല, ഷിബു എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും പ്രേക്ഷകരുടെ ഇഷ്ടം കവർന്നു കഴിഞ്ഞു. ഹരിശ്രീ അശോകൻ, ബൈജു, അജു വർഗീസ്, സ്നേഹ ബാബു, ഫെമിന ജോർജ് തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് മിന്നൽ മുരളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Read more: Minnal Murali Movie Review: പൊട്ടാതെ വലിച്ചു കെട്ടിയ ഒരു രസച്ചരട്; ‘മിന്നല്‍ മുരളി’ റിവ്യൂ