മിന്നൽ മുരളി എന്ന ചിത്രത്തിൽ പോലീസ് വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ജിബിൻ ഗോപിനാഥ്. ജീവിതത്തിലും ഒരു പോലീസ് ഓഫീസറാണ് ജിബിൻ. പോലീസ് ജീവിത്തിലാദ്യമായി ഒരു കള്ളനെ പിടിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ജിബിൻ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ജിബിൻ ഈ വിവരം ആരാധകരെ അറിയിച്ചത്. മകനു മിഠായി വാങ്ങാനായി പുറത്തിറങ്ങിയതാണ് ജിബിൻ അപ്പോഴാണ് തന്റെ കാറിലെ സ്റ്റീരിയോ മോഷ്‌ടിക്കാൻ നോക്കുന്നയാളെ താരം കണ്ടത്. അപ്പോൾ തന്നെ അടുത്ത കടയിലേക്ക് പിടിച്ചു കയറ്റി നാട്ടുക്കാരെ വിളിച്ചു കൂട്ടിയതിനു ശേഷം പോലീസിലേപ്പിക്കുകയായിരുന്നു.
“വീട്ടിലേക്ക് കയറുന്നതിന്റെ അരികിൽ കുറച്ച് അടുത്തായാണ് എന്റെ കാർ പാർക്ക് ചെയ്തിരുന്നത്.. ചെറിയ ഗെയ്റ്റ് അടഞ്ഞു കിടന്നതിനാൽ തുറക്കാൻ ചെന്ന എനിക്ക് ഒരു അസ്വാഭാവികത അനുഭവപ്പെട്ടു.ഒരു നിമിഷം സംശയിച്ചു എന്റെ കാർ അല്ലെയെന്നു.കാരണം ഡ്രൈവിങ്ങ് സീറ്റിൽ വേറൊരാൾ ഇരിക്കുന്നു.അപ്പൊ അതിനൊരു തീരുമാനം ആവണമല്ലോ എന്ന് കരുതി അയാൾ പുറത്തിറങ്ങാൻ കാത്തിരുന്നു.ഒരു മിനിറ്റിൽ അദ്ദേഹം കാറിലെ ഓഡിയോ വീഡിയോ മോണിറ്റർ സിസ്റ്റമെല്ലാം കൈയിൽ പിടിച്ചു വളരെ നൈസർഗികമായ ഒരു ചിരിയോടെ എന്നെ നോക്കി.എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ് ഒന്നുല്ല എന്ന് നിഷ്കളങ്കമായി മറുപടി തന്നു.കൈയിൽ എന്താണ് എന്ന് ചോദിച്ചപ്പോ എനിക്ക് മനസ്സിലാകാത്തത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം പറഞ്ഞത് സ്റ്റീരിയോ എന്നാണ്” ജിബിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
തിരുവനന്തപുരം കണ്ട്രോൾ റൂമിലെ ഉദ്യോഗസ്ഥനാണ് ജിബിൻ. കോവിഡ് കാലത്തെ ബോധവത്‌കരണ വീഡിയോകളിലെ നിറ സാന്നിധ്യമായിരുന്നു ജിബിൻ. അനവധി പരസ്യ ചിത്രങ്ങളിലും ജിബിൻ അഭിനയിച്ചിട്ടുണ്ട്.