സമകാലിക ഇന്ത്യന്‍ സിനിമാ സംഗീതത്തെ രണ്ടു കാലഘട്ടങ്ങളായി തിരിക്കണമെങ്കില്‍ അത് എ.ആര്‍.റഹ്മാന് മുന്‍പും അതിനു ശേഷവും എന്നായിരിക്കും.  ആദ്യ ചിത്രമായ ‘റോജ’യിലെ ഗാനങ്ങള്‍ കൊണ്ട് തന്നെ ഒരു രാജ്യത്തെ തന്റെ ഈണങ്ങളുടെ ആരാധകരാക്കിത്തീര്‍ത്ത മാന്ത്രികന്‍.  അനുഗൃഹീതനായ ആ കലാകാരനെ  ‘ചിന്ന ചിന്ന ആസൈ’ എന്ന ‘റോജ’യിലെ ആദ്യ ഗാനത്തിലൂടെ മലയാളി ഗായികയായ മിൻമിനിയാണ് ലോകത്തിനു മുന്‍പില്‍ ആദ്യമായി എത്തിച്ചത്.  റഹ്മാന്‍ വളര്‍ന്നു ഓസ്കാര്‍ പുരസ്കാര വേദിയോളം എത്തി.  മനസ്സുകളില്‍ ഈണങ്ങള്‍ നിറച്ചു കൊണ്ടേയിരിക്കുന്നു.

ചിന്ന ചിന്ന ആസൈയ്‌ക്ക് ശേഷം മിൻമിനിയും സിനിമാ സംഗീത രംഗത്ത്‌ സജീവയായി.   ഏഴു ഭാഷകളിലായി 2000ത്തോളം പാട്ടുകള്‍.  ഇതിനിടെ ഒരു വലിയ ഇടവേളയും മിൻമിനിയുടെ ജീവിതത്തില്‍ സംഭവിച്ചു.

ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, കൊച്ചിയെ സാക്ഷിയാക്കി മിന്‍മിനി വീണ്ടും എ.ആര്‍.റഹ്മാനു വേണ്ടി മൈക്കെടുത്തു. ഫ്‌ളവേഴ്‌സ് ചാനല്‍ നടത്തിയ എ.ആര്‍.റഹ്മാന്‍ ഷോയിലായിരുന്നു മിന്‍മിനിയും വീണ്ടും ‘ചിന്ന ചിന്ന ആസൈ’ പാടിയത്.

നിറഞ്ഞ കണ്ണുകളും നിറഞ്ഞ ഹൃദയവുമായി മിന്‍മിനി പാടിയപ്പോള്‍ കൈയ്യടി നിര്‍ത്താന്‍ കഴിയാതെ ആരാധകരും അത് ആഘോഷിച്ചു.

Minmini sings Chinna Chinna Aasai at A R Rahman show in Kochi 1

കൊച്ചിയില്‍ നടന്ന എ ആര്‍ റഹ്മാന്‍ ഷോയില്‍ പാടുന്ന മിന്മിനി, ചിത്രം. ഇന്‍സ്റ്റാഗ്രാം

ഷോയില്‍ ഈ ഗാനം പാടിത്തുടങ്ങിയത് നീതി മോഹന്‍ എന്ന ഗായികയാണ്. നീതി മോഹന്‍ പല്ലവി പാടിയപ്പോള്‍ അനുപല്ലവി പാടാന്‍ എത്തിയത് ഇത്തവണത്തെ ദേശീയ പുരസ്കാര ജേതാവായ സാഷാ തിരുപതിയാണ്. ഈ സമയത്തൊക്കെ കേള്‍വിക്കാരുടെ മനസ്സില്‍ നിറയെ ഈ ഗാനത്തിന്റെ ‘ഒറിജിനല്‍’ പാടിയ മിൻമിനിയായിരുന്നു. സ്വന്തം നാട്ടില്‍ എ.ആര്‍.റഹ്മാന്‍ ഷോ നടത്തുമ്പോള്‍ മിൻമിനി എവിടെ എന്ന ചോദ്യമാണ് ആരാധകരുടെ മനസ്സില്‍ നിറഞ്ഞത്‌.

ഇതിനെല്ലാം ഉത്തരമായി, ‘ഏലേലോ’ എന്ന ഗാനത്തിനിടയിലെ ഹമ്മിങ് റഹ്മാന്‍ മൂളിക്കഴിഞ്ഞ ഉടന്‍, മിൻമിനി വേദിയിലെത്തി. ഹര്‍ഷാരവങ്ങളോടെയാണ് കൊച്ചി മിൻമിനിയെ വേദിയിലേക്ക് വരവേറ്റത്. പാടുമ്പോള്‍ മിൻമിനിയുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു. 

പത്തൊമ്പതാം വയസില്‍, രാജ്കോട്ടിയുടെ പാട്ടുകളുടെ റെക്കോര്‍ഡിങ്ങിനിടെയാണ് മിൻമിനി എ.ആര്‍.റഹ്മാനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം മിൻമിനിയെക്കൊണ്ട് ചില പരസ്യ ഗാനങ്ങളൊക്കെ പാടിച്ചു. 1992ലാണ് എ.ആര്‍.റഹ്മാന്‍ ആദ്യമായി സംഗീതം നിര്‍വഹിക്കുന്ന മണിരത്നത്തിന്റെ ‘റോജ’ എന്ന ചിത്രത്തിലേക്ക് പാടാനായി ക്ഷണം കിട്ടുന്നത്. സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാഷ് വഴിയാണ് മിൻമിനിയെ റഹ്മാന്‍ പാടാനായി ക്ഷണിക്കുന്നത്. അതിനോടകം നിരവധി പാട്ടുകള്‍ പാടിയിരുന്നെങ്കിലും ഈ പാട്ട് മിന്‍മിനിക്ക് വലിയ ബ്രേക്കാണ് നല്‍കിയത്. അരവിന്ദ് സ്വാമിയും, മധുബാലയുമാണ് ‘റോജ’യില്‍ അഭിനയിച്ചത്.

പിന്നീട് ശബ്‌ദം നഷ്‌ടപ്പെട്ട് കുറേകാലം സംഗീതത്തിന്റെ ലോകത്തു നിന്നും വിട്ടു നിന്നു ഈ ഗായിക. തിരിച്ചുവരവില്‍ നിരവധി പരസ്യ ഗാനങ്ങള്‍ ആലപിച്ചു. ‘എന്‍ട്രി’ എന്ന ചിത്രത്തിലും, ‘മിലി’ എന്ന ചിത്രത്തിലും മിന്‍മിനി പാടിയിട്ടുണ്ട്. കൊച്ചി വാഴക്കാലയില്‍ മിന്‍മിനിയും ഭര്‍ത്താവ് ജോയിയും ചേര്‍ന്ന് സംഗീത അക്കാദമി നടത്തുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ