നടൻ ഇന്ദ്രസിനു പിന്തുണയുമായി സിനിമാലോകം. താരങ്ങളായ മാലാ പാർവതി, വിനയ് ഫോർട്ട്, ഹരീഷ് പേരടി എന്നിവരാണ് സോഷ്യൽ മീഡിയയിലൂടെ ഇന്ദ്രസിനു പിന്തുണയുമായി എത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന നിയമസഭാ സമ്മേളനത്തിനിടയിലെ മന്ത്രി വി എൻ വാസവന്റെ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രതിപക്ഷത്തെ വിമർശിക്കുന്നതിനിടയിലാണ് മന്ത്രി സിനിമാതാരങ്ങളെ വച്ചുള്ള താരതമ്യം പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്.”കോൺഗ്രസിന്റെ സ്ഥിതിയെടുത്താൽ ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പോക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിൽ എത്തി” എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. അനവധി അംഗങ്ങൾ ആ പ്രയോഗത്തെ തളളി പറഞ്ഞതിനെ തുടർന്ന് നിയമസഭാ രേഖകളിൽ നിന്ന് അതു നീക്കം ചെയ്തു.
ഇന്ദ്രൻസിനെ പിന്തുണച്ചു കൊണ്ടുള്ള കുറിപ്പുകളാണ് സഹപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.”അളക്കാനാവാത്ത പൊക്കം ! ഇന്ദ്രൻസ് ചേട്ടനെ അളക്കാനുള്ള അളവ് കോൽ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല.”എന്നാണ് മാലാ പാർവതി ഇന്ദ്രസിന്റെ ചിത്രം ഷെയർ ചെയ്തുകൊണ്ട് കുറിച്ചത്.
“ഇന്ദ്രൻസിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതൽ….. മറ്റേതു ഉപമയും പ്രയോഗവും അന്തസാര ശൂന്യം… സ്നേഹം… ആദരവ്” എന്ന് വിനയ് ഫോർട്ട് കുറിച്ചു.
എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടൻ..എന്ന് കുറിച്ചു കൊണ്ട് ഹരീഷ് പേരാടിയും പിന്തുണയുമായെത്തി.
“പ്രിയപ്പെട്ട മനുഷ്യാ, ഞങ്ങളുടെ മനസ്സിൽ മാനംമുട്ടെ ഉയരമുണ്ട് നിങ്ങൾക്ക്…” എന്നാണ് നടൻ രാജേഷ് ശർമ്മ കുറിച്ചത്. ഇന്ദ്രൻസ് ലളിതമായാണ് പരാമർശത്തെ ഇന്ദ്രൻസ് നേരിട്ടത്. “മന്ത്രി വി എൻ വാസവൻ അങ്ങനെ പറഞ്ഞതിൽ എനിക്ക് വിഷമമില്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ലെന്ന് എല്ലാവരെയും പോലെ എനിക്കറിയാം. അമിതാഭ് ബച്ചന്റെ കുപ്പായം എനിക്കു പാകമില്ലെന്നതു സത്യമല്ലേ? ഞാൻ കുറച്ചു പഴയ ആളാണ്. ഇതിൽ എനിക്ക് ബോഡി ഷെയ്മിങ്ങൊന്നും തോന്നുന്നില്ല. ഞാൻ എന്താണെന്ന് എനിക്കു നല്ല ബോധ്യമുണ്ട്” ഇന്ദ്രൻസ് മലയാള മനോരമയോട് പറഞ്ഞു.