സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയ്ക്ക് നിരൂപണം എഴുതി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. ഒരിടവേളയ്ക്ക് ശേഷം നല്ല സിനിമ കണ്ടതായി അദ്ദേഹം പറഞ്ഞു. തന്റെ നാട്ടുകാരൻ കൂടിയായ സക്കരിയയെ ഓർത്ത് അഭിമാനം കൊള്ളുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജ്യാതിർത്തികൾക്ക് അപ്പുറത്താണെങ്കിലും മനുഷ്യന്റെ ദുഃഖങ്ങൾക്ക് ഒരേ നിറവും മണവുമാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നതാണ് ഈ ചലച്ചിത്ര കാവ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.ടി.ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം,
” സുഡാനി From നൈജീരിയ ” കാണാതെ പോകരുത് …..

ഒരിടവേളക്ക് ശേഷം നല്ലൊരു സിനിമ കണ്ടു. ഫുട്ബോളിനെ പ്രാണനെപ്പോലെ കരുതുന്ന ഒരു നാടിന്റെ കഥ പറയുകയാണ് യുവ സംവിധായകൻ സക്കരിയ. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. നന്മ നിറഞ്ഞ മനസ്സിൽ നിന്നേ ഇങ്ങിനെയൊരു ഇതിവൃത്തം രൂപം കൊള്ളൂ. എന്റെ നാട്ടുകാരൻ കൂടിയായ സക്കരിയയെ ഓർത്ത് അഭിമാനം കൊള്ളുന്നു. സ്നേഹം വേണ്ടുവോളം നൈജീരിയക്കാരൻ സുഡുവിന് പകർന്ന് നൽകിയ ഉമ്മയുടെ കണ്ണുനീരിന് മജീദിന്റെ മനസ്സിൽ വറ്റാത്ത കാരുണ്യത്തിന്റെ ആൽമരം നട്ട് പ്രത്യുപകാരം ചെയ്യുന്ന രംഗത്തോടെ അവസാനിക്കുന്ന ഈ ചലചിത്രകാവ്യം രാജ്യാതിർത്തികൾക്ക് അപ്പുറത്താണെങ്കിലും മനുഷ്യന്റെ ദുഃഖങ്ങൾക്ക് ഒരേ നിറവും മണവുമാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

മതവും ഭാഷയും ദേശവും വർണവും നിഷ്കളങ്കരായ സാധാരണക്കാരിൽ അടുപ്പത്തിന്റെ ഭൂമിക സൃഷ്ടിക്കാനുതകുന്ന രാസത്വരകങ്ങളാകുന്നത് എങ്ങിനെയെന്ന് അതിമനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് ഈ ചലച്ചിത്രം.

വേണ്ടായിരുന്നു എന്ന് തോന്നിയ ഒരു സീനോ സംഭാഷണമോ “സുഡാനി From നൈജീരിയ” യിൽ ഇല്ല. പ്രാദേശിക സംസ്കൃതിയുടെ ഉൾക്കാമ്പ് തൊട്ട് കൊണ്ട് തന്നെ ദേശീയ അന്തർദേശീയ ഉത്ഗ്രഥനവും മാനവിക ഐക്യവും വാനോളം ഉയർത്തിപ്പിടിക്കാനും ഈ കലാസൃഷ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലും പ്രതിഭകളെ ആദരിക്കാൻ അവസരം കിട്ടുമ്പോൾ മോഹിച്ച് പോയിട്ടുണ്ട്, എന്റെ നാട്ടിലും ഇതുപോലുള്ളവർ ഉണ്ടായിരുന്നെങ്കിൽ എന്ന്. ആ ആഗ്രഹമാണ് ഈ സിനിമയിലൂടെ പൂവണിഞ്ഞിരിക്കുന്നത്. സക്കരിയ, അനീഷ് ജി.മേനോൻ, നജീബ് കുറ്റിപ്പുറം, ഉണ്ണിനായർ, രാജേഷ്, ബീരാൻ, അമീൻ അസ്‌ലം, അനൂപ് മാവണ്ടിയൂർ, ഷാനമോൾ, ജുനൈദ് തുടങ്ങി വളാഞ്ചേരിക്കാരായ എത്ര പേരാണ് അണിയറയിലും അരങ്ങത്തും. സൗബിൻ ഉൾപ്പടെ ഒരാളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. എല്ലാവരും ജീവിക്കുകയായിരുന്നു. പിരിയാത്ത “ചങ്ങായ്ച്ചി” കളായി ഉമ്മവേഷമിട്ട സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും പിടിച്ചിറക്കിയാലും മനസ്സിൽ നിന്ന് ഒരുപാട് കാലത്തേക്ക് പോവില്ല. സുഡാനിയായി സാമുവൽ ഹൃദ്യമായിത്തന്നെ തന്റെ റോൾ ചെയ്തു.

ഒരു നിർമ്മാതാവില്ലെങ്കിൽ സിനിമക്ക് ജന്മമില്ല. സക്കരിയയുടെ ആഗ്രഹം സഫലമാക്കാൻ പ്രതിബദ്ധതയോടെ മുന്നോട്ട് വന്ന സമീർ താഹിറും ഷൈജു ഖാലിദും പ്രത്യേകം പ്രശംസയർഹിക്കുന്നു. തിരക്കഥയിലും സംഭാഷണത്തിലും സക്കരിയക്ക് കൂട്ടായ മുഹ്സിൻ പെരാരിയും ശ്രദ്ധിക്കപ്പെടേണ്ട എഴുത്തുകാരനാണ്. നയനസുന്ദരവും ശ്രവണമധുരവും ഹൃദയഹാരിയുമായ അനുഭവമാക്കി “സുഡാനി From നൈജീരിയ” യെ മാറ്റിയ എല്ലാ കലാകാരി കലാകാരൻമാർക്കും ഒരായിരം അഭിനന്ദനങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook