ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കേണ്ടി വന്നതോടെ പലരും പുതിയ ഹോബികൾ തുടങ്ങുകയും പഴയവ പൊടി തട്ടിയെടുക്കുകയും ചെയ്തു. മിലിന്ദ് സോമനെ സംബന്ധിച്ച് ഫിറ്റ്നസാണ് മുഖ്യം. മിലിന്ദിന്റെ അമ്മ ഉഷ സോമനും അങ്ങനെ തന്നെ. അമ്മയുടെ മനോഹരമായ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് മിലിന്ദ് സോമൻ.
ജൂലൈ മൂന്നിന് അമ്മയ്ക്ക് 81 വയസ് തികഞ്ഞുവെന്നും 15 പുഷ് അപ്പ് എടുത്താണ് അമ്മ ജന്മദിനം ആഘോഷിച്ചതെന്നും മിലിന്ദ് പറയുന്നു.
മിലിന്ദിന്റെ ഭാര്യ അങ്കിത കോന്‍വാറും അമ്മയും ചേര്‍ന്ന് ടെറസിനു മുകളിലൂടെ ഒറ്റക്കാലില്‍ ചാടി ഇരുവശങ്ങളിലേക്കും പോകുന്ന വീഡിയോ അടുത്തിടെ അദ്ദേഹം പങ്കുവച്ചിരുന്നു. സാരിയുടുത്ത അമ്മയെ അങ്കിതയുടെ അതേ ഊര്‍ജസ്വലതയോടെയാണ് വീഡിയോയില്‍ കാണുന്നത്.
ഒരാള്‍ ഇരുപത്തിയെട്ട്, മറ്റൊരാള്‍ എണ്‍പത്തിയൊന്ന്. ഏതു പ്രായത്തിലും ഫിറ്റ് ആയിരിക്കൂ എന്നു പറഞ്ഞാണ് മിലിന്ദ് വീഡിയോ പങ്കുവച്ചത്. ”എണ്‍പതാം വയസിലും ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അമ്മയെപ്പോലെ ഫിറ്റ് ആയിരിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ഒരുപാടുപേര്‍ക്ക് അമ്മ പ്രചോദനമാവട്ടെ” എന്നു പറഞ്ഞാണ് അങ്കിത അമ്മായിയമ്മയുടെ വീഡിയോ പങ്കുവച്ചത്.