/indian-express-malayalam/media/media_files/uploads/2022/11/milind-soman.jpg)
സിനിമകള്‍ പൂര്‍ത്തിയാക്കാതെ നടീനടന്മാര്‍ പിണങ്ങി പോകുന്ന കഥകള്‍ നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. സാമ്പത്തിക പ്രശന്ങ്ങള്‍, കലാപരമായ വ്യത്യാസങ്ങള്‍ തുടങ്ങിയവയായിരിക്കാം ഇതിനു കാരണങ്ങളായി പറയപ്പെടുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി തികച്ചും വ്യത്യസ്തമായൊരു പിണങ്ങി പോകലിന്റെ കഥയാണ് ഇപ്പോള്‍ ബോളിവുഡില്‍ നിന്നു പുറത്തുവരുന്നത്. നടന്‍, മോഡല്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധ നേടിയ മിലിന്ദ് സോമനെപ്പറ്റിയുളള കഥയാണ് നിറഞ്ഞു കേള്‍ക്കുന്നത്.
സൂപ്പര്‍ ഹിറ്റ് ചിത്രമായ 'ജോ ജീത്ത വോഹീ സിക്കന്ദര്‍' എന്ന ചിത്രത്തില്‍ ആമീര്‍ ഖാന്റെ സഹോദര വേഷം അവതരിപ്പിക്കാനായി ആദ്യ ക്ഷണിച്ചത് മിലിന്ദ് സോമനെയായിരുന്നു. ചിത്രത്തിന്റെ എഴുപത്തഞ്ച് ശതമാനം ചിത്രീകരണവും പൂര്‍ത്തിയായതിനു ശേഷമായിരുന്നു മിലിന്ദ് പിന്മാറിയത്. അദ്ദേഹത്തിനു ബ്രേക്ക്ഫാസ്റ്റ് കൃത്യസമയത്തു ലഭിച്ചില്ല എന്നതാണ് ഇതിന്റെ കാരണമായി പറഞ്ഞത്.മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്തിനു നല്‍കിയ അഭിമുഖത്തിലാണ് മിലിന്ദ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
"സൈക്കിള്‍ വലിച്ചെറിഞ്ഞ് വളരെ ദേഷ്യത്തോടെയാണ് ഞാന്‍ അവരോടു ഭക്ഷണം എവിടെയെന്നു ചോദിച്ചത്. ഞാന്‍ എന്റെ വീട്ടിലല്ല, അതുകൊണ്ട് പ്രൊഡക്ഷനെയാണ് ഭക്ഷണം കഴിക്കുവാനായി ആശ്രയിക്കുന്നത്. പക്ഷെ അതു അവരെനിക്കു നല്‍കിയില്ല" മിലിന്ദ് പറഞ്ഞു. ഇന്ത്യയിലെ തന്നെ ആദ്യകാല സൂപ്പര്‍ മോഡലുകളിലൊരാളായ മിലിന്ദ് തന്റെ ശരീരം വളരെയധികം ശ്രദ്ധിക്കാറുണ്ട്. മോഡലിങ്ങില്‍ തിളങ്ങി നിന്ന സമയത്താണ് മിലിന്ദിനു ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്.
ദീപക് തിജോറി എന്ന നടനാണ് പിന്നീട് ആമീര്‍ ഖാന്റെ സഹോദര വേഷത്തില്‍ സ്‌ക്രീനിലെത്തിയത്. മന്‍സൂര്‍ ഖാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 1992 ലാണ് റിലീസായത്. ചിത്രത്തിലെ 'പെഹലാ നഷാ' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമീര്‍ ഖാന്റെ കരിയറില്‍ തന്നെ വലിയ വഴിതിരിവായ ചിത്രമാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.