ബോളിവുഡ് താരവും മോഡലുമായ മിലിന്ദ് സോമനും അങ്കിത് കോന്‍വാറും ഇന്ന് വിവാഹിതരാവുന്നതായാണ് വിവരം. അലിഭാഗില്‍ വച്ചാണ് ചടങ്ങ് നടക്കുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. മെഹന്ദിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മിലിന്ദിനേക്കാള്‍ കുറഞ്ഞ പ്രായമുളള അങ്കിതയുമായുളള ബന്ധം സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമായിരുന്നു. 52 കാരന്‍ 18 കാരിയെ വിവാഹം ചെയ്യുന്നതിനെ ഡേറ്റിങ് എന്നല്ല വിളിക്കേണ്ടത്, ചൂഷണം എന്നാണെന്നായിരുന്നു ഒരു കമന്റ്. എന്നാല്‍ അങ്കിത 18കാരി അല്ലെന്നാണ് വിവരം. എയര്‍ഹോസ്റ്റസായ അങ്കിതയ്ക്ക് 26 വയസുണ്ടെന്നാണ് വിവരം.

നേരത്തേ അങ്കിതയ്ക്കൊപ്പം തന്റെ 52 ാം ജന്മദിനം ആഘോഷിച്ച ചിത്രങ്ങളാണ് മിലിന്ദ് ആരാധകര്‍ക്കായി പങ്കുവച്ചത്. അപ്പോള്‍ മുതല്‍ അങ്കിതയെക്കുറിച്ച് പാപ്പരാസി മാധ്യമങ്ങള്‍ അന്വേഷണം തുടങ്ങി. മറ്റ് ചില മാധ്യമങ്ങള്‍ പറയുന്നത് പെണ്‍കുട്ടിയുടെ പേര് അങ്കിത എന്നല്ലെന്നും സണ്‍കുസ്മിതാ കോണ്‍വാര്‍ എന്നാണെന്നും എയര്‍ എഷ്യയില്‍ ജീവനക്കാരിയാണെന്നും വയസ്സ് 22-23 ആണെന്നുമാണ്.

മിലിന്ദ് ആദ്യം വിവാഹം കഴിച്ചത് ഫ്രഞ്ച് നടിയായ മൈലിന്‍ ജമ്പനോയിയെ ആയിരുന്നു. 2008ല്‍ ഇരുവരും വിവാഹമോചിതരായി. അങ്കിതയും ഫ്രഞ്ച് നടിയുമല്ലാതെ മറ്റ് ചില പെണ്‍കുട്ടികളും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. ചിലര്‍ കാമുകിമാരാണെന്ന് സ്ഥിരീകരണം ഉണ്ടായപ്പോള്‍ മറ്റു ചിലര്‍ റൂമറുകളില്‍ ഒതുങ്ങി.

മധു സാപ്രയുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രണയം. മഹാരാഷ്ട്രയില്‍ നിന്നുളള മോഡലായ താരം 1992ല്‍ മിസ് യൂണിവേഴ്സ് പട്ടം നേടിയിട്ടുണ്ട്. 90കളില്‍ പ്രണയത്തിലായിരുന്ന ഇരുവരും മുംബൈയില്‍ ഒന്നിച്ച് ഏറെ കാലം താമസിച്ച് മോഡലിങ്ങിൽ പ്രശസ്തി നേടി. ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയരായ മോഡലിങ് കമിതാക്കളായി ഇരുവരും വാര്‍ത്തകളില്‍ ഇടംനേടി. ഷൂസ് മാത്രം ധരിച്ച് ഇരുവരും പ്രത്യക്ഷപ്പെട്ട പരസ്യചിത്രവും വിവാദം കൊണ്ട് ശ്രദ്ധേയമായി. 1995ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

മൈലിന്‍ ജമ്പനോയി: 2006ലാണ് ഫ്രഞ്ച് നടിയായ മൈലിനെ മിലിന്ദ് വിവാഹം ചെയ്തത്. വാലി ഓഫ് ഫ്ലവേഴ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടിയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഗോവയില്‍ വച്ച് വിവാഹിതരായ ഇരുവരും 2009ലാണ് വിവാഹമോചനം നേടിയത്.

ഷഹാന ഗോസ്വാമി: 2010ലാണ് ഷഹാനയും മിലിന്ദും ഒന്നിച്ച് ചില ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടിയത്. ഇരുവരും തമ്മിലുളള 21 വയസിന്റെ അന്തരം ഏറെ വിമര്‍ശിക്കപ്പെട്ടു. മൈലിന് ശേഷം മിലിന്ദ് സ്ഥീരകിരിച്ച ബന്ധവും ഷഹാനയുമായിട്ടുളളതായിരുന്നു. 2013ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

ദിപണ്ണിത ശര്‍മ്മ: സിനിമിയിലെ സഹപ്രവര്‍ത്തകയായിരുന്ന ദിപണ്ണിതയുമായി 2000 മുതല്‍ മിലിന്ദ് പ്രണയത്തിലായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. മുംബൈയില്‍ ബിപാഷ ബസുവിനൊപ്പം ഇരുവരും ഫ്ലാറ്റില്‍ ഒന്നിച്ച് ജീവിതം നയിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗുല്‍ പനാഗ്: 2005ല്‍ ജൂം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്തുവന്നത്. എന്നാല്‍ തങ്ങള്‍ തമ്മില്‍ പ്രൊഫഷണല്‍ ബന്ധം മാത്രമാണെന്ന് പറഞ്ഞ് മിലിന്ദ് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇരുവരും പല പ്രചരണ പരിപാടികളിലും ഒന്നിച്ച് പങ്കെടുത്തതും ശ്രദ്ധേയമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook