കേരളത്തിലേക്ക് ഇതരസംസ്ഥാനക്കാര്‍ ജോലിക്കായി എത്തിത്തുടങ്ങിയിട്ട് ഏതാണ്ട് ഒന്നര ദശാബ്ദമായി. ജോലി തേടി കേരളത്തിലുള്ളവര്‍ ഗള്‍ഫ് പോലുള്ള വിദേശ രാജ്യങ്ങളിലേക്കു പോകുമ്പോള്‍ ബംഗാളും ഒറീസ്സയും പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലി തേടി കേരളത്തിലേക്ക് വന്നു. കേരളം അവര്‍ക്ക് സ്വപ്നഭൂമിയായി. ലോകത്ത് എവിടെപ്പോയാലും ഒരു മലയാളിയെ കാണാം എന്നു പറയുന്നത് ഒന്നു മാറ്റി പറഞ്ഞാല്‍, കേരളത്തില്‍ എവിടെപ്പോയാലും ഒരു ബംഗാളിയെ കാണാം എന്നാക്കിയാലും അത്ഭുതമില്ല. കണക്കുകളനുസരിച്ച് 30 ലക്ഷത്തോളം പേരാണ് വടക്കേ ഇന്ത്യയില്‍ നിന്നും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുമായി കേരളത്തിലേക്ക് ജോലി തേടിയെത്തുന്നത്.
ഇതേ ബംഗാളിയും ഒഡീസിയുമെല്ലാം കേരള ജനതയുടെ ഭാഗമായി മാറിയെന്നതിന്റെ ഉദാഹരണമാണ് സിനിമകളിലെ ഇവരുടെ സാന്നിധ്യവും. ഇതര സംസ്ഥാന തൊളിലാളിള്‍ കഥാപാത്രങ്ങളായെത്തിയ നിരവധി മലയാളം സിനിമകളുണ്ട്.
കേരളത്തിലെ ഇതരസംസ്ഥാനതൊഴിലാളികളുടെ കഥ പറഞ്ഞുകൊണ്ട് ഒരു മുഴുനീള ചിത്രം തന്നെ ഉണ്ടായി. 2014ല്‍ പുറത്തിറങ്ങിയ വിശാഖ് ജി.എസ് സംവിധാനം ചെയ്ത മസാല റിപ്പബ്ളിക് എന്ന ചിത്രം ശ്രദ്ധനേടിയതും ഇക്കാരണത്താലാണ്. സുമംഗള്‍ എന്ന ബംഗാളിയായിരുന്നു ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോള്‍ ഒട്ടുമിക്ക മലയാള സിനിമകളിലും ഇതരസംസ്ഥാനക്കാരനായി സുമംഗള്‍ വേഷമിടുന്നു. സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഇഷ്ടമായെന്നും ഇനിയും വേഷങ്ങള്‍ വന്നാല്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും സുമംഗള്‍ പറഞ്ഞു. കഥയ്‌ക്ക് അനുസൃതമായി പെരുമാറാന്‍ ഒരു ഇതരസംസ്ഥാനത്തു നിന്നുള്ളയാള്‍ക്ക് മാത്രമേ കഴിയൂ എന്നതുകൊണ്ടാണ് ഓഡിഷനിലൂടെ സുമംഗളിനെ തിരഞ്ഞെടുത്തതെന്ന് സംവിധായകനായ വിശാഖ് ജി.എസ് പറയുന്നു.
ഈ വര്‍ഷം പുറത്തിറങ്ങിയ ഷാനവാസ് കെ.ബാവൂട്ടിയുടെ കിസ്മത്ത് എന്ന ചിത്രത്തില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കാത്തുനില്‍ക്കുന്ന ബംഗാളിയായും സുമംഗള്‍ ചിരി പടര്‍ത്തി. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലും ഇതരസംസ്ഥാനക്കാരനായ തൊഴിലാളിയായിരുന്നു ഒരു മുഖ്യ വേഷത്തിലെത്തിയത്. ചിത്രത്തിനൊപ്പം കഥാപാത്രത്തിന്റെ പ്രത്യേകതകൊണ്ടും അവതരണ മികവുകൊണ്ടും ഈ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. പുതിയ ദുൽഖർ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിലും ഇതര സംസ്ഥാനക്കാരൻ കഥാപാത്രമായി എത്തുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലികള്‍ ചെയ്യാന്‍ മാത്രമല്ല, അഭിനയിക്കാനും അറിയാമെന്ന് തെളിയിക്കുകയാണ് സിനിമയിലും ചുവടുറപ്പിക്കുന്നതിലൂടെ.