ആട് ടുവിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. മമ്മൂട്ടി നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമാണ് മിഥുന്റെ അടുത്ത ചിത്രം. മിഥുന്‍ തന്നെയാണ് വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്.

ഹിറ്റ് കൂട്ടുകെട്ടായ ഫ്രൈഡേ ഫിലിം ഹൗസാണ് മിഥുന്റെ പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ താരങ്ങള്‍ ആരായിരിക്കുമെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്‍ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ആട് ടുവിന്റെ സമാനതകളില്ലാത്ത വിജയത്തിന് ശേഷമെത്തുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഈ വാര്‍ത്തയെ സ്വീകരിച്ചിരിക്കുന്നത്. മിഥുനും മമ്മൂട്ടിയും ഒരുമിക്കുന്നതും ആദ്യമായാണ്.

വെള്ളിയാഴ്ച്ചയാണ് ആട് ടുവിന്റെ ഒന്നാം ഭാഗമായ ആട് ഒരു ഭീകരജീവിയാണ് വീണ്ടും റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം, മമ്മൂട്ടി ചിത്രം പരോളും തിയ്യറ്ററുകളിലേക്ക് എത്താന്‍ കാത്തിരിക്കുകയാണ്.

മിഥുന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയരേ,
കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..! ഇതിഹാസം മുട്ടത്തു വര്‍ക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരന്‍ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിര്‍മ്മാതാവിലൂടെ കാല്‍നൂറ്റാണ്ടിനും മുന്‍പ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളില്‍ ആരവങ്ങള്‍ തീര്‍ത്ത പ്രതിഭാസം, കോട്ടയം കുഞ്ഞച്ചനെ, തുടക്കക്കാരനായ എന്നിലേയ്ക്ക് എത്തിച്ചതിന്.. ഇതുവരെയുള്ള യാത്രയില്‍ ആശ്വാസമായ തണല്‍ മരങ്ങള്‍ക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകള്‍ക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച പായ്വഞ്ചികള്‍ക്ക് നന്ദി.. കൈവിടാതെ കൂടെ നില്‍ക്കുന്ന പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദി.. ഫ്രൈഡേ ഫിലിം ഹൌസിനോടൊപ്പം ചേര്‍ന്ന് സവിനയം, സസന്തോഷം, സസ്‌നേഹം അവതരിപ്പിക്കുന്നു.. കോട്ടയം കുഞ്ഞച്ചന്‍ 2..

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ