കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് ജനങ്ങൾ വലയുകയാണ്. പ്രദേശത്ത് പുക നിറയുകയും ശ്വാസം തടസ്സ സബന്ധമായ പ്രശ്നങ്ങൾ പലർക്കും അനുഭവപ്പെടുകയും ചെയ്തു. പത്തു ദിവസത്തിനു ശേഷവും തീ പൂർണമായി അണയ്ക്കാൻ സാധിക്കാത്തതിൽ പ്രതിഷേധിച്ച് സിനിമാലോകവും രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകൻ മിഥുൻ മാനുവലിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ പുക ശ്വസിക്കാനായി ജനങ്ങൾ ആരുടെയടുത്തു നിന്നും ക്വട്ടേഷനെടുത്തിട്ടില്ലെന്നാണ് മിഥുൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
“ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ആണ്..!! ദിവസങ്ങൾ ആയി വിഷപ്പുകയിൽ മുങ്ങി നിൽക്കുന്നു. നഗരം, ജില്ല എന്തിനു വീടിന്റെ അകങ്ങളിൽ പോലും വിഷ വായു…!! കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു ഇൻസിഡന്റ്..! ഉത്തരവാദികൾ ആരായാലും – പ്രാദേശിക ഭരണ കൂടം ആയാലും സംസ്ഥാന ഭരണ കൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ, പ്രതിവിധി യുദ്ധകാലടിസ്ഥാനത്തിൽ കണ്ടെത്തിയേ മതിയാകൂ..!! ഞങ്ങൾ ജനങ്ങൾ ആരുടെ കയ്യിൽ നിന്നും ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷൻ കൈപറ്റിയിട്ടില്ല.!!” മിഥുന്റെ വാക്കുകളിങ്ങനെ.
മിഥുൻ മാത്രമല്ല ഉണ്ണി മുകുന്ദൻ, പൃഥ്രിരാജ്, വിനയ് ഫോർട്ട്, ആന്റണി വർഗീസ് പെപ്പേ, നീരജ് മാധവ് എന്നിവരുടെ ജനങ്ങൾക്കു ജാഗ്രത നിർദ്ദേശം നൽകി പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. അധികാരികൾ ഇതിനു വേണ്ടി ഒന്നും ചെയ്യുന്നില്ലേയെന്നാണ് നീരജ് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദിവസങ്ങളായി തീയണയ്ക്കാൻ പ്രയത്നിക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ ചിത്രം പങ്കുവച്ചാണ് വിനയ് ഫോർട്ട് ജാഗ്രത നിർദ്ദേശം നൽകിയത്.