മലയാള സിനിമാ പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും വേറിട്ട സിനിമാസ്വാദനം സമ്മാനിക്കുകയും ചെയ്‌ത ആട് സീരീസിൽ പുതിയ സിനിമ ‘ആട് 3’ എത്തുന്ന വാർത്ത സംവിധായകൻ മിഥുൻ മാനുവൽ തോമസ് അടുത്തിടെയാണ് ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചത്.. ചിത്രത്തിന്റെ പദ്ധതികൾ താൻ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, തൃപ്തികരമായ ഒരു സ്‌ക്രിപ്റ്റ് കണ്ടെത്താൻ സാധിക്കാത്തതുകൊണ്ടായിരുന്നു സിനിമ ഇത്രയും നീണ്ടതെന്നാണ് മിഥുൻ പറയുന്നത്.

“ഇത് ഒരു ബിഗ് ബജറ്റ് സിനിമയാകും. ആദ്യ പകുതിയുടെയും ക്ലൈമാക്സിന്റെയും സ്ക്രിപ്റ്റ് പൂർത്തിയായി. ഇനി ബാക്കിയുള്ള ഭാഗം കൂടി എഴുതി പൂർത്തിയാക്കണം. രണ്ട് മാസത്തിനുള്ളിൽ സ്ക്രിപ്റ്റ് പൂർത്തിയാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മിഥുൻ മാനുവൽ തോമസ് പറയുന്നു.

Read More: അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു, വരൻ സംവിധായകൻ: റിപ്പോർട്ട്

ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമ്മജൻ എന്നിവരുൾപ്പെടെ കഴിഞ്ഞ രണ്ട് സിനിമകളിലെ എല്ലാ അഭിനേതാക്കളും ‘ആട് 3’ ലും ഉണ്ടാകും. കൂടെ പിങ്കി ആടിനേയും പ്രതീക്ഷിക്കുന്നു. “പിങ്കി ഷാജി പാപ്പന്റെ വീട്ടിലായിരിക്കും, മാത്രമല്ല അവളുടെ ചില ദൃശ്യങ്ങൾ മാത്രമേ കാണിക്കൂ. കഥാപാത്രങ്ങൾ അവളിൽ നിന്ന് വളരെ ദൂരം പിന്നിട്ടിരിക്കുന്നു,” സംവിധായകൻ പറയുന്നു, വില്ലൻ വേഷങ്ങൾ അവതരിപ്പിക്കാൻ കുറച്ച് അധിക കഥാപാത്രങ്ങൾ കൂടി ഉണ്ടാകും. വിജയ് ബാബു തന്നെയാണ് ‘ആട് 3’ നിർമിക്കുന്നത്. ഷാൻ റഹ്‌മാനായിരിക്കും സംഗീതം.

സിനിമയ്ക്ക് വിപുലമായ പ്രത്യേക ഇഫക്റ്റുകളും ഉണ്ടാകും. “ഞങ്ങൾ സി‌ജി‌ഐ ഉപയോഗിക്കും, അതിനാലാണ് ഇത് ഒരു വലിയ ബജറ്റ് സിനിമയാണെന്ന് പറഞ്ഞത്. മോളിവുഡ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആശയം ഉൾക്കൊള്ളുന്ന ഒരു പരീക്ഷണാത്മക ചിത്രമാണിത്” മിഥുൻ കൂട്ടിച്ചേർക്കുന്നു.

ആട് മൂന്നാം ഭാഗം ത്രീഡിയില്‍ ആയിരിക്കും ഒരുക്കുക എന്നാണ് സംവിധായകന്‍ മിഥുൻ നേരത്തെ അറിയിച്ചിരുന്നത്. എത്ര മെനക്കെട്ടിട്ടാണേലും ഇത് ത്രീഡിയില്‍ തന്നെ ചെയ്യുമെന്നും മിഥുൻ നേരത്തെ പറഞ്ഞിട്ടുണ്ട്.

‘ആട് ഒരു ഭീകരജീവിയാണ്’, ‘ആട് 2’ എന്നീ സിനിമകൾക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. സിനിമയിലെ കഥാപാത്രങ്ങളുടെ പേരിൽ നിരവധി ട്രോളുകളാണ് ഇപ്പോഴും പ്രചരിക്കുന്നത്. ജയസൂര്യയുടെ ‘ഷാജി പാപ്പൻ’ എന്ന കഥാപാത്രവും സൈജു കുറുപ്പിന്റെ ‘അറയ്‌ക്കൽ അബു’ എന്ന കഥാപാത്രവും ഏറെ ജനശ്രദ്ധ നേടിയവയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook