scorecardresearch
Latest News

എംജിആറും ജയലളിതയും വീണ്ടും സിനിമയില്‍; കത്തിച്ചു കളയുമെന്ന് എഐഎഡിഎംകെ

എഐഡിഎംകെയുടെ കൊടിയുടെ നിറങ്ങള്‍ ചേര്‍ത്താണ് സിനിമയുടെ ടൈറ്റില്‍ എഴുതിയിരിക്കുന്നത്.

LKG

തമിഴ് ജനതയുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ജോഡികളായ എംജിആറും ജയലളിതയും വീണ്ടും വെള്ളിത്തിരയില്‍. ആര്‍ജെ ബാലാജിയുടെ എല്‍കെജി എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് ഇരുവരേയും വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. എന്നാല്‍ തമിഴ് നാടില്‍ നിലവില്‍ ഭരണത്തിലിരിക്കുന്ന എഐഎഡിഎംകെയെ ഈ പോസ്റ്റര്‍ ക്ഷുഭിതരാക്കിയിരിക്കുകയാണ്.

ഫസ്റ്റ് ലുക്കില്‍ പ്രിയ ആനന്ദും ആര്‍ജെ ബാലാജിയുമാണ് ഉള്ളത്. തമിഴ് നാട് മുന്‍ മുഖ്യമന്ത്രിമാരായിരുന്ന എംജി രാമചന്ദ്രന്‍ എന്ന എംജിആറിനേയും ജെ ജയലളിതയേയുമാണ് ഇരുവരും ഓര്‍മിപ്പിക്കുന്നത്. എഐഡിഎംകെയുടെ കൊടിയുടെ നിറങ്ങള്‍ ചേര്‍ത്താണ് സിനിമയുടെ ടൈറ്റില്‍ എഴുതിയിരിക്കുന്നത്. കെ.ആര്‍ പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പാര്‍ട്ടിയില്‍ നിന്നും നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. എഐഎഡിഎംകെ ഐടി വിഭാഗത്തിലെ അംഗമായ പ്രവീണ്‍ കുമാര്‍ സി തന്റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്, ചിത്രം റിലീസ് ചെയ്താല്‍ ആര്‍ജെ ബാലാജിയുടെ കട്ടൗട്ടുകള്‍ കത്തിച്ചു കളയും എന്നാണ്.

എഫ്എം പരിപാടിയിലൂടെ ചെന്നൈയിലുള്ളവര്‍ക്ക് ആര്‍ജെ ബാലാജിയെ വളരെ നന്നായി അറിയാം. 2015ല്‍ തമിഴ് നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തമിഴ് ജനതയെ സഹായിക്കാനിറങ്ങിയ താരങ്ങളില്‍ മുന്‍ പന്തിയിലായിരുന്നു ബാലാജിയും.

പിന്നീട് നാനും റൗഡി താന്‍, മണിരത്‌നത്തിന്റെ കാട്രുവെളിയിടൈ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mgr jayalalithaa rj balaji priya anand aiadmk