വിഖ്യാത നടനും എഐഎഡിഎംകെ സ്ഥാപകനും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന എം.ജി.രാമചന്ദ്രന്‍ എന്ന എംജിആറിന്റെ ജീവിതം സിനിമയാകുന്നു. ‘എംജിആര്‍ – എ ഫിലിം ഓണ്‍ മക്കള്‍ തിലകം’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് എ.ബാലകൃഷ്ണനാണ്. ഇനിയും ചിത്രീകരണം പൂര്‍ത്തിയാകാത്ത ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ റിലീസ് ചെയ്തു. തിങ്ക്‌ സ്റ്റുഡിയോസിന്റെ ബാനറിലുള്ള ട്രെയിലര്‍ റിലീസ് ചെയ്തത് മുന്‍കാല താരം ലതയാണ്.

പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനായ സതീഷ്‌ കുമാര്‍ ആണ് എംജിആറിന്റെ വേഷം അവതരിപ്പിക്കുന്നത്‌. പല പ്രായത്തിലുള്ള എംജിആറുമായി രൂപ സാദൃശ്യങ്ങളുള്ള ആളുകളെ കണ്ടെത്തുന്നതിനായി ഓഡിഷനുകള്‍ പലതും നടത്തി എന്നും ഒടുവില്‍ നായക വേഷത്തിനായി സതീഷിനെ തിരഞ്ഞെടുത്തു എന്നും സംവിധായകന്‍ പറഞ്ഞു. എംജിആറിന്റെ ഭാര്യ ജാനകിയുടെ വേഷം ചെയ്യുന്നത് ഋത്വികയാണ്. രാഷ്ട്രീയത്തിലും സിനിമയിലും എംജിആറിന്റെ സമകാലികരും സുഹൃത്തുക്കളുമായിരുന്ന കരുണാനിധി, ജയലളിത എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായുള്ള നടീനടന്മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് താന്‍ എന്നും ബാലകൃഷന്‍ സില്‍വര്‍ സ്ക്രീന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ചെമ്പൂര്‍ ജയരാജ്, ക്യാമറ എഡ്വിന്‍ സാകേ, എഡിറ്റര്‍ എസ്.പി.അഹമ്മദ്. സംവിധായകന്‍ ബാലകൃഷ്ണന്‍ ഇതിനു മുന്‍പ് കാമരാജിന്റെ ജീവിതം ആസ്പദമാക്കിയുള്ള ജീവചരിത്ര സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. എംജിആര്‍, ജയലളിത, കരുണാനിധി എന്ന തമിഴക രാഷ്ട്രീയ ത്രയങ്ങളുടെ കഥ സംവിധായകന്‍ മണിരത്നവും ഇതിനു മുന്‍പ് ചിത്രീകരിച്ചിട്ടുണ്ട്. ‘ഇരുവര്‍’ എന്ന ആ ചിത്രത്തില്‍ എംജിആറിന്റെ വേഷം അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആണ്. കരുണാനിധിയായി പ്രകാശ് രാജ് എത്തിയപ്പോള്‍ ജയലളിതയായി ഐശ്വര്യ റായ് അഭിനയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook