#MeToo വിവാദങ്ങള്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന കാലമാണ് ഇപ്പോള്‍. ഹോളിവുഡ് തുടങ്ങി വച്ച ഈ തുറന്നു പറച്ചില് ഇന്ത്യയിലേക്കും കേരളത്തിലേക്കുമൊക്കെ എത്തിയിരിക്കുകയാണ്. #MeToo ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോഴും കുറ്റാരോപിതര്‍ തങ്ങളുടെ ജോലിയില്‍ തുടരുന്നുണ്ട്. സിനിമയെ, അല്ലെങ്കില്‍ സിനിമ കാണാന്‍ എത്തുന്ന പൊതു ജനത്തെ ഇത് എങ്ങനെ ബാധിക്കും, അല്ലെങ്കില്‍ ബാധിക്കുന്നുണ്ടോ? എന്ന ചോദ്യത്തിന് ‘സിനിമ നല്ലതാണെങ്കില്‍ ഓടും, ആരോപണങ്ങളുമായി അതിനെ കൂട്ടിക്കുഴയ്ക്കരുത്’ എന്നാണ് അഭിനേത്രിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബുവിന്റെ അഭിപ്രായം. #MeToo ആരോപിതനായ ഹോളിവുഡ് താരം കെവിന് സ്പേസിയുടെ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു എന്ന വാദത്തെ ഖണ്ഡിച്ചു കൊണ്ടാണ് ഖുശ്ബുവിന്റെ മറുപടി.
“എന്തൊക്കെ ആരോപണങ്ങള്‍ വന്നാലും ഒരു നല്ല സിനിമ തിയേറ്ററില്‍ വിജയിക്കും. കെവിന് സ്പേസിയുടെ ചിത്രം പരാജയപ്പെട്ടതിന്റെ കാരണം അദ്ദേഹത്തിനെതിരെ വന്ന ആരോപണങ്ങളല്ല, മറിച്ച്, അതൊരു മോശം ചിത്രമാണ് എന്നത് കൊണ്ടാണ്. #MeToo കാരണമാണ് അത് സംഭവിച്ചത് എന്നുള്ള കണ്‍ഫ്യൂഷനിലേക്ക് നമ്മള് പോകേണ്ട കാര്യമില്ല. ‘രാമലീല’ വിജയിച്ചത് അതൊരു നല്ല സിനിമയായത് കൊണ്ടാണ്”, ഈ വിഷയത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച ഖുശ്ബു പറഞ്ഞു.
സ്ത്രീകള്‍ക്ക് തുറന്നു പറച്ചിലുനുള്ള ഒരു വേദി വേണം എന്ന ആവശ്യത്തെ പരമപ്രധാനമായി കാണുമ്പോഴും കുറ്റാരോപിതര്‍ക്ക് അവരുടെ ഭാഗം പറയാനുള്ള അവസരങ്ങളും ഉണ്ടാക്കണം എന്നും ഖുശ്ബു വ്യക്തമാക്കി. കുറ്റം തെളിയിക്കപ്പെടുന്നത് വരെ ആരോപിത/ന് മാത്രമേ ആകുന്നുള്ളൂ, കുറ്റക്കാരന്‍/രി ആകുന്നില്ല എന്നും അവര്‍ അടിവരയിട്ടു.
സിനിമാ സംഘടനകളില്‍ ഇത്തരം പരാതികള്‍ ഉന്നയിക്കാനുള്ള നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ വേണം എന്നാവശ്യപ്പെട്ട ഖുശ്ബു തന്റെ നിര്‍മ്മാണകമ്പനിയില്‍ നിന്നും ഈ വിഷയത്തില്‍ ഒരാളെ പുറത്താക്കി എന്നും വെളിപ്പെടുത്തി.
ഗായികയും ശബ്ദകലാകാരിയുമായ ചിന്മയി കവി വൈരമുത്തുവിനെതിരെ ഉന്നയിച്ച ആരോപണങ്ങളോട് ഖുശ്ബു എടുത്ത നിലപാടുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നിരുന്നു. ഇതിനെച്ചൊല്ലി ഖുശ്ബുവും ചിന്മയിയുമായി സോഷ്യല്‍ മീഡിയയില്‍ ചില തര്‍ക്കങ്ങളും നടന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ചിന്മയി സിങ്ങേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കണമായിരുന്നു എന്ന നിലപാടിലാണ് ഖുശ്ബു. ചിന്മയിയെ വളരെക്കാലമായി അറിയാം എന്നും താന്‍ ഈ വിഷയത്തില്‍ അവരോടൊപ്പം തന്നെയാണ് എന്നും ഖുശ്ബു വ്യക്തമാക്കി.
Take it up with your union..speak to them..few guidelines has to be brought in place..I stand with you on that..
— khushbusundar..and it’s NAKHAT KHAN for the BJP.. (@khushsundar) October 24, 2018