/indian-express-malayalam/media/media_files/uploads/2018/10/konkona.jpg)
പ്രമുഖ നടന്‍ നാനാ പടേക്കര്‍ തന്നോട് അപമര്യാദയായി പെരുമാറി എന്ന തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോടെയാണ് രണ്ടാംഘട്ട മീ ടൂ ക്യാംപെയിനിന് ബോളിവുഡ് സാക്ഷ്യം വഹിക്കുന്നത്. ആരോപണവിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് നിരവധി പേര്‍ തുറന്ന നിലപാട് സ്വീകരിച്ചു. ഇപ്പോഴിതാ തനുശ്രീ ദത്ത ഉള്‍പ്പെടെ ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്ക് പിന്തുണയുമായി ബോളിവുഡ് സംവിധായികമാര്‍ രംഗത്തെത്തിരിക്കുന്നു.
സ്ത്രീകള്‍ എന്ന നിലയിലും സംവിധായികമാര്‍ എന്ന നിലയിലും ഇന്ത്യയില്‍ നടക്കുന്ന മീ ടൂ മൂവ്‌മെന്റിന് തങ്ങള്‍ നിരുപാധികം പിന്തുണയറിയിക്കുന്നുവെന്നും ആക്രമണം നേരിട്ട സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രസ്താവനയില്‍ ഇവര്‍ പറഞ്ഞു. തുറന്നു പറയാന്‍ കാണിച്ച ധൈര്യത്തെ ബഹുമാനിക്കുന്നതായും പ്രസ്താവനയില്‍ സംവിധായികമാര്‍ വ്യക്തമാക്കി.
'തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുക എന്ന ആവശ്യകതയെക്കുറിച്ച് മറ്റുള്ളവരില്‍ അവബോധം ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കൂടാതെ കുറ്റവാളികളെന്നു തെളിയിക്കപ്പെട്ടവര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്നും നിലപാടെടുക്കുന്നു. സിനിമാ മേഖലയിലെ മറ്റുള്ളവരോടും ഈ നിലപാട് കൈക്കൊള്ളാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു,' പ്രസ്താവനയില്‍ പറയുന്നു.
നടിയും സംവിധായികയുമായ കൊങ്കണ സെന്‍ഷര്‍മ, ഗൗരി ഷിന്‍ഡെ, കിരണ്‍ റാവു, അലംകൃത ശ്രീവാസ്തവ, മേഘ്‌നാ ഗുല്‍സാര്‍, നന്ദിത ദാസ്, നിത്യ മെഹ്‌റ, റീമ കാഗ്തി, രുചി നരെയ്ന്‍, ഷോനാലി ബോസ്, സോയാ അക്ടര്‍ തുടങ്ങിവരാണ് രംഗത്തെത്തിയിരിക്കുന്നത്.
ബോളിവുഡിന്റെ വിവിധ മേഖലകളില്‍ നിന്നുയരുന്ന തുറന്നു പറച്ചിലുകളുടെ പശ്ചാത്തലത്തില്‍ പരാതികള്‍ പഠിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സിനി ആന്‍ഡ് ടിവി ആര്‍ടിസ്റ്റ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് എന്നീ സംഘടനകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ആരോപണ വിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് കഴിഞ്ഞദിവസം ആമിര്‍ ഖാനും കിരണ്‍ റാവുവും പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.