സിനിമാ മേഖലയെ പിടിച്ചുകുലുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് സിനിമയിലെ നടിമാര്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ത്രീകള്‍ തുറന്നുപറച്ചിലുകള്‍ നടത്തി. തമിഴ് സിനിമാ മേഖലയിലേക്കും മീ ടൂ ക്യാംപെയിന്‍ എത്തിയതിന്റെ തൊട്ടുപിന്നാലെ പരാതികളില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ കൊക്കൊള്ളാന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് നടനും തമിഴ് സിനിമാ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍ പ്രഖ്യാപിച്ചു.
തന്റെ പുതിയ ചിത്രമായ സണ്ടക്കോഴി രണ്ടാംഭാഗവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിശാല്‍. നടികര്‍ സംഘം, ഫെഫ്‌സി, ടിഎഫ്പിസി, ഫിലിം ചേംബര്‍ എന്നിവിടങ്ങളിലെല്ലാം ഇതിനായി മൂന്നംഗ കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാല്‍ അറിയിച്ചു. തുറന്നുപറച്ചില്‍ നടത്തുന്ന ഓരോ സ്ത്രീകള്‍ക്കും ഒപ്പമാണ് തങ്ങളെന്നും ഓരോരുത്തരുടേയും സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങളുടെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കൊരു പ്രശ്‌നം വന്നാല്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പുവരുത്താനും ജൂനിയര്‍-സീനിയര്‍ വ്യത്യാസമില്ലാതെ സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും സുരക്ഷ നല്‍കാനുമുള്ള വേദിയാകും ഈ കമ്മിറ്റി’ എന്ന് വിശാല്‍ പറഞ്ഞു.
തമിഴ് സിനിമാ മേഖലയിലെ പ്രശസ്ത ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. വൈരമുത്തുവില്‍ നിന്നും രണ്ടുതവണ മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ചിന്മയി വെളിപ്പെടുത്തി. മീ ടൂവിനെ പിന്തുണച്ച് കമല്‍ഹാസന്‍, കനിമൊഴി തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.