#MeToo: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിക്കെതിരെ മീടൂ ആരോപണം. ഹഫിങ്ടണ്‍ പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘സഞ്ജു’ എന്ന ചിത്രത്തില്‍ രാജ്കുമാര്‍ ഹിരാനിക്കൊപ്പം പ്രവര്‍ത്തിച്ച സ്ത്രീയാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം (2018) മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് രാജ്കുമാര്‍ ഹിരാനിയില്‍ നിന്നും തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതെന്ന് അവര്‍ പറഞ്ഞതായി ഹഫിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിത്രത്തിന്റെ നിര്‍മാതാവായ വിധു വിനോദ് ചോപ്ര, സിനിമാ നിരൂപക അനുപമ ചോപ്ര, തിരക്കഥാകൃത്ത് അഭിജാത് ജോഷി വിധു വിനോദിന്റെ സഹോദരി ഷെല്ലി ചോപ്ര എന്നിവര്‍ക്ക് 2018 നവംര്‍ 3ന് അയച്ച ഇ-മെയിലിലാണ് രാജ് കുമാര്‍ ഹിരാനി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചിരിക്കുന്നത്.
ആദ്യമായി 2018 ഏപ്രില്‍ 9നാണ് ഹിറാനി ലൈംഗിക ചുവ കലര്‍ന്ന രീതിയില്‍ തന്നോട് സംസാരിച്ചതെന്ന് മെയിലില്‍ പറയുന്നു. ഇത് തെറ്റാണെന്നും അധികാരം ഉപയോഗിച്ച് തന്നോട് ഇങ്ങനെ പെരുമാറരുതെന്നും താന്‍ പറഞ്ഞതായി സ്ത്രീ തന്റെ മെയിലില്‍ പറയുന്നു. അന്ന് രാത്രിയും തുടര്‍ന്നുള്ള ആറു മാസവും തന്റെ മനസും ശരീരവും അതിഭീകരമായി വയലേറ്റ് ചെയ്യപ്പെട്ടതായും മെയിലില്‍ പറയുന്നു.
തന്റെ അഭിഭാഷകനായ ആനന്ദ് ദേശായി വഴിയാണ് രാജ്കുമാര്‍ ഹിറാനി ഈ ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും അപമാനിക്കാനായി കരുതിക്കൂട്ടി ഒരുക്കിയതുമാണെന്നായിരുന്നു പ്രതികരണം.