#MeToo: സിനിമാ രംഗത്ത് ഉയര്‍ന്നുവരുന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാനും വിഷയത്തെ അഭിസംബോധന ചെയ്യാനുമായി പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാനുമുള്ള ബോളിവുഡ് സിനിമാ സംഘടനകളുടെ തീരുമാനത്തെ അഭിനന്ദിച്ച് നടി പാര്‍വ്വതി തിരുവോത്ത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യാന്‍ വിശാഖാ മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയുള്ള ഒരു കമ്മിറ്റി വേണം എന്ന് പാര്‍വ്വതി, രേവതി, പദ്മപ്രിയ എന്നിവര്‍ എഎംഎംഎയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മറുപടി പറയാതെയാണ് എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിഞ്ഞത്. ഈ സാഹചര്യത്തിലാണ് ബോളിവുഡിന്റെ നടപടിയെ പ്രശംസിച്ചു കൊണ്ട് നടി രംഗത്ത് വന്നിരിക്കുന്നത്.
“മലയാളത്തിലും അത് സംഭവിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു” എന്നായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം. ഇതേ വിഷയത്തില്‍ സംവിധായിക അഞ്ജലി മേനോന് എഴുതിയ ട്വീറ്റ് എന്‍ഡോര്‍സ് ചെയ്തു കൊണ്ടാണ് പാര്‍വ്വതി ഇങ്ങനെ കുറിച്ചത്.
Wish it would happen in Kerala as well! #timesup #Metoo https://t.co/6WvVKrn0kO
— Parvathy Thiruvothu (@parvatweets) October 12, 2018
ഇതേ വിഷയത്തില്‍ നടി പദ്മപ്രിയയും പ്രതികരിച്ചിട്ടുണ്ട്. സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും നാട്ടില്‍ നിലവിലുള്ള പൗരാവകാശങ്ങള്‍ക്ക് അര്‍ഹതയില്ലേ എന്ന ചോദ്യമാണ് പദ്മപ്രിയ ട്വിറ്ററില്‍ ഉന്നയിച്ചിരിക്കുന്നത്. അഞ്ജലിയുടെ ബ്ലോഗിനെ പിന്‍പറ്റി തന്നെയാണ് പദ്മപ്രിയയുടെ പ്രതികരണവും.
#MeToo വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ബോളിവുഡിലെ സിനിമാ സംഘടനകള്‍ വിശാഖാ മാര്‍ഗരേഖകള്‍ അടിസ്ഥാനപ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിക്കും എന്ന അറിയിപ്പിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള കുറിപ്പാണ് അഞ്ജലിയുടേത്.
“ആക്രമിക്കപ്പെട്ട നടി അപ്പോള്‍ തന്നെ സംഭവം തുറന്നു പറഞ്ഞിട്ടും മലയാള സിനിമാ സംഘടനകള്‍ അവര്‍ക്ക് വേണ്ടി എന്താണ് ചെയ്തതെന്നും വിഷയത്തില്‍ എന്തു നിലപാടാണ് കൈക്കൊണ്ടതെന്നും” അഞ്ജലി മേനോന് ചോദിച്ചിരുന്നു. ഈ നിലപാടില്ലായ്മയാണ് കേരളത്തിലെ സിനിമാ സംഘടനകളുടെ നിലപാടെങ്കില്‍ അത് വല്ലാതെ അലോസരപ്പെടുത്തുന്നതാണെന്നും അഞ്ജലി ബ്ലോഗില്‍ വ്യക്തമാക്കി.
Read More: #MeToo: മാതൃകയായി ബോളിവുഡ്, വിശാഖാ മാര്‍ഗ്ഗരേഖകള്‍ നടപ്പിലാക്കും
ബോളിവുഡിന്റെ വിവിധ മേഖലകളിൽ നിന്നുയരുന്ന തുറന്നു പറച്ചിലുകളുടെ പശ്ചാത്തലത്തിൽ പരാതികൾ പഠിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സിനി ആൻഡ് ടിവി ആർടിസ്റ്റ് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് എന്നീ സംഘടനകൾ ഉറപ്പ് നൽകിയിട്ടുണ്ട്. ആരോപണ വിധേയർക്കൊപ്പം പ്രവർത്തിക്കില്ലെന്ന് കഴിഞ്ഞദിവസം ആമിർ ഖാനും കിരൺ റാവുവും പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു.