scorecardresearch
Latest News

മാതൃക കാട്ടി ബോളിവുഡ്; താരസംഘടനയിൽ പരാതി പരിഹാര സെൽ

ബോളിവുഡിലെ മുഖ്യധാരാ അഭിനേത്രികളും കമ്മിറ്റിയുടെ ഭാഗമായേക്കും

മാതൃക കാട്ടി ബോളിവുഡ്; താരസംഘടനയിൽ പരാതി പരിഹാര സെൽ

തനുശ്രീ ദത്ത തുടങ്ങിവച്ച രണ്ടാം ഘട്ട മീ ടൂ മൂവ്‌മെന്റിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ച് സിനിമാ മേഖലയ്ക്കാകെ മാതൃക കാട്ടുക കൂടിയാണ് ബോളിവുഡ്. താരസംഘടനയായ സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (സിന്റ) വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചു.

തൊഴിലിടത്തിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോഷു(POSH)മായി യോജിച്ചാണ് ഈ കമ്മിറ്റി പ്രവര്‍ത്തിക്കുക. രവീണ ടണ്ഡണ്‍, രേണുക ഷഹാനേ, അമോല്‍ ഗുപ്ത, മാധ്യമപ്രവര്‍ത്തക ഭാരതി ദുബേ, പോഷിന്റെ അഭിഭാഷകര്‍ എന്നിവരാണ് കമ്മിറ്റിയിലെ പ്രധാന അംഗങ്ങള്‍. ഇവരെക്കൂടാതെ ബോളിവുഡിലെ മുഖ്യധാരാ അഭിനേത്രികളും കമ്മിറ്റിയുടെ ഭാഗമായേക്കും. സിന്റയുടെ സെക്രട്ടറി സുശാന്ത് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.

അതിക്രമത്തിന് ഇരയാക്കപ്പെട്ടവരെ കേള്‍ക്കാന്‍ തയ്യറാകുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും, ഇപ്പോള്‍ അതിനൊരു ഇടമായി എന്നും പറഞ്ഞ സുശാന്ത്, കലാകാരികള്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ ഉറക്കെ വിളിച്ചു പറയാന്‍ മൈക്ക് സെഷനും ഉണ്ടായിരിക്കും എന്ന് വ്യക്തമാക്കി.

കാസ്റ്റിങ് ഡയറക്ടര്‍മാരെക്കുറിച്ച് പഠിക്കുകയും, സിനിമയുടെ സെറ്റുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യുമെന്നും സിന്റ വ്യക്തമാക്കി. കൂടാതെ അസോസിയേഷന്റെ ഒരു ബ്രാഞ്ച് ഡല്‍ഹിയിലും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Metoo cintaa bollywood posh