സിനിമ ലോകത്ത് ഉയര്‍ന്ന മീടുവിന്റെ അലയൊലികള്‍ നിലയ്ക്കുന്നില്ല. കഴിഞ്ഞദിവസം ചെന്നൈയില്‍ ചിന്മയി ശ്രീപാദ, ലീന മണിമേകലൈ, ശ്രീരഞ്ജിനി, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനം അതിന്റെ തെളിവായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ രൂപീകരിച്ച സൗത്ത് ഇന്ത്യന്‍ ഫിലിം വിമെന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ കൂടിയാണിവര്‍. ഇവര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി പാര്‍വ്വതി. ചിന്മയി ഉൾപ്പെടെയുള്ളവർ കടന്നുപോയ അവസ്ഥകൾ തന്റെ ഹൃദയത്തെ തകർത്തുവെന്ന് പാർവ്വതി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിനിടെ വളരെ ക്രൂരമായാണ് മാധ്യമപ്രവര്‍ത്തകര്‍ ഇവരോട് ചോദ്യങ്ങള്‍ ചോദിച്ചത്.   “എന്തുകൊണ്ട് വിശാഖ കമ്മീഷനെ സമീപിച്ചില്ല?” “എന്തിനാണിത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്?” “എന്താണ് നിങ്ങളോട് ചെയ്തത്?” “എവിടെവച്ചാണ് നിങ്ങളെ ഉപദ്രവിച്ചത്” എന്നിങ്ങനെയുളള ചോദ്യങ്ങൾ  വാർത്തസമ്മേളനം നടത്താനെത്തിയവരോട് മാധ്യമപ്രവർത്തകർ  ഉച്ചത്തിൽ ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഒടുവില്‍ ചിന്മയി എഴുന്നേറ്റുനിന്ന് കൈകൂപ്പിക്കൊണ്ടു കുറച്ചുകൂടി സെന്‍സിറ്റീവാകണം എന്ന് പറയുന്നതും കാണാം.

‘തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞു കൊണ്ട് ചില സ്ത്രീകളെങ്കിലും മുന്നോട്ടുവരുന്ന സമയമാണ്. ഞങ്ങള്‍ക്കോരോരുത്തര്‍ക്കും പറയാന്‍ കഥകളുമുണ്ട്. ഞങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ ലോകത്തെ പുരുഷന്മാരെല്ലാം മോശക്കാരാണെന്ന് പറയാനല്ല ഞങ്ങള്‍ ശ്രമിക്കുന്നത്. നിങ്ങളുടെ പിന്തുണയും ഞങ്ങള്‍ക്ക് ആവശ്യമുണ്ട്,’ പൊട്ടിത്തെറിച്ചുകൊണ്ട് ചിന്മയി പറഞ്ഞു.

Read More: സത്യം എന്തെന്ന് കാലം പറയുമെന്ന് വൈരമുത്തു; ‘നുണയന്‍’ എന്ന് മറുപടി നല്‍കി ചിന്മയി

കവിയും ഗാനരചയിതാവുമായ വൈരമുത്തു തന്നെ ആക്രമിച്ചിട്ടുണ്ടെന്ന് ചിന്മയി വെളിപ്പെടുത്തിയിരുന്നു. അതേക്കുറിച്ചായിരുന്നു പിന്നീട് പലരുടേയും ചോദ്യങ്ങള്‍. “എന്തിനാണ് വൈരമുത്തുവിനെ ചിന്മയി തന്റെ വിവാഹത്തിന് ക്ഷണിച്ചത്?” ” എന്തിനാണ് അയാളുടെ അനുഗ്രഹം വാങ്ങാന്‍ അയാളുടെ കാല്‍ക്കല്‍ വീണത്?”  “ഇതിന്റെ പുറകില്‍ എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യമുണ്ടോ?” എന്നിങ്ങനെയായിരിന്നു ചോദ്യങ്ങള്‍.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവങ്ങള്‍ തന്നെയാണ് കേരളത്തിലും നടന്നത്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ച രീതി ശരിയായില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍വ്വതി, രേവതി, പത്മപ്രിയ തുടങ്ങിയവരായിരുന്നു താരസംഘടനയായ എഎംഎംഎയില്‍ നിന്നും തങ്ങള്‍ നേരിട്ട തുടര്‍ച്ചയായ നീതിനിഷേധങ്ങളെക്കുറിച്ച് തുറന്നടിച്ചത്. ഇതിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനവും. ഇക്കാര്യവും പാർവ്വതി തന്റെ ട്വീറ്റിൽ പറഞ്ഞു.

Read More: ഇനി എഎംഎംഎയെ കണ്ണടച്ച് വിശ്വസിക്കില്ല, മിണ്ടാതിരിക്കില്ല: ഡബ്ല്യൂസിസി

വൈരമുത്തുവിനെതിരെ കടുത്ത ആരോപണങ്ങളായിരുന്നു ചിന്മയി ഉന്നയിച്ചിരുന്നത്. സഹകരിക്കണം എന്ന് ആവശ്യപ്പെട്ട് വൈരമുത്തു തന്നെ ഹോട്ടലിലേക്ക് വിളിപ്പിച്ചതായി ചിന്മയി നേരത്തേ പറഞ്ഞിരുന്നു.

2005ലോ 2006ലോ ആണ് സംഭവം നടന്നതെന്നാണ് ചിന്മയി പറഞ്ഞത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു ആല്‍ബത്തില്‍ പാടാനായി പോയപ്പോഴായിരുന്നു സംഭവം. ‘എല്ലാവരേയും പറഞ്ഞയച്ച് എന്നോടും അമ്മയോടും മാത്രം നില്‍ക്കാന്‍ പറഞ്ഞു. വൈരമുത്തുവിനെ ഹോട്ടലില്‍ ചെന്ന് കാണാനായി സംഘാടകനാണ് വന്ന് പറഞ്ഞത്. സഹകരിക്കണമെന്ന് പറഞ്ഞപ്പോള്‍ എന്തിനു സഹകരിക്കണം എന്ന് ഞാന്‍ ചോദിച്ചു. അവരുടെ ആവശ്യം ഞാന്‍ നിരാകരിച്ചു. ഇന്ത്യയിലേക്ക് തിരിച്ച് അയയ്ക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ‘നിങ്ങളുടെ കരിയര്‍ ഉണ്ടാവില്ല’ എന്നാണ് അയാള്‍ പറഞ്ഞത്. കരിയറും വേണ്ട ഒരു മണ്ണും വേണ്ടെന്ന് പറഞ്ഞാണ് ഞങ്ങള്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്,’ ചിന്മയി പറഞ്ഞു.

Read More: WCC Press Meet: പിണക്കാനോ പിളർത്താനോ അല്ല, നേർവഴി കാട്ടാൻ

എന്നാല്‍ ചിന്മയിയുടെ ആരോപണം നിഷേധിച്ച് വൈരമുത്തുവും രംഗത്തെത്തിയിരുന്നു. അറിയപ്പെടുന്ന വ്യക്തികളെ കുറിച്ച് കിംവദന്തികള്‍ പരത്തുന്നത് ഒരു സംസ്‌കാരമായി മാറിയിട്ടുണ്ടെന്ന് വൈരമുത്തു ട്വീറ്റ് ചെയ്തു. ‘ഈയടുത്ത കാലത്ത് തന്നെ ഞാന്‍ വളരെയധികം അപമാനിക്കപ്പെട്ടിട്ടുണ്ട്. ഈ ആരോപണവും അതിലൊന്നാണ്. സത്യമല്ലാത്ത കാര്യങ്ങളെ ഞാന്‍ കാര്യമാക്കുന്നില്ല. സത്യം എന്താണെന്ന് കാലം പറയും,’ വൈരമുത്തു ട്വീറ്റ് ചെയ്തു. എന്നാല്‍ വൈരമുത്തുവിനെ ‘നുണയന്‍’ എന്ന് വിളിച്ചാണ് ചിന്മയി മറുപടി നല്‍കിയത്. തന്റെ ട്വിറ്റര്‍ പേജിലാണ് വൈരമുത്തുവിന്റെ ട്വീറ്റിനൊപ്പം ‘നുണയന്‍’ എന്ന് മാത്രം പറഞ്ഞ് ചിന്മയി പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook