ഫാന്റം ഫിലിംസിന്റെ ഡയറക്ടർമാരായ വിക്രമാദിത്യ മോട്വാനെ, അനുരാഗ് കശ്യപ് എന്നിവർക്കെതിരെ 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടും മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ മാനനഷ്ടകേസ് ചുമത്തിയും സംവിധായകൻ വികാസ് ബാൽ ഇന്നലെ ബോംബൈ ഹൈക്കോടതിയെ സമീപിച്ചു.

ബോളിവുഡിനെ പിടിച്ചുലച്ച ‘മീ ടൂ’ വിവാദം കത്തിപ്പടർന്നപ്പോൾ സംവിധായകൻ വികാസ് ബാൽ തന്നോട് അപമര്യാദനായി പെരുമാറിയെന്ന് ആരോപണമുന്നയിച്ച് സഹസംവിധായിക രംഗത്തുവന്നിരുന്നു. അനുരാഗിന്റെ ‘ബോംബെ വെൽവെറ്റ്’ എന്ന ചിത്രത്തിന്റെ ആഘോഷ ചടങ്ങിനിടെയാണ് നിർമാണ പങ്കാളികളിലൊരാളായ വികാസ് ബാൽ തന്നോട് മോശമായി പെരുമാറിയത് എന്നായിരുന്നു സഹസംവിധായകയുടെ ആരോപണം.

കശ്യപിനോടു പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് സഹസംവിധായിക ആരോപിച്ചതിനെ തുടർന്നാണ് കമ്പനി അടച്ചു പൂട്ടുന്നതായി അനുരാഗ് കശ്യപ് പ്രഖ്യാപിച്ചത്. ഇതോടെ ഫാന്റം ഫിലിംസ് നിർമ്മിക്കാനിരുന്ന ‘സൂപ്പർ 30’ എന്ന ചിത്രവും ‘സേക്രഡ് ഗെയിംസ്’ എന്ന വെബ് സീരീസിന്റെയും ഭാവി അനിശ്ചിതത്വത്തിലായിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഫാന്റം ഫിലിംസിന്റെ ഡയറക്ടർമാരായ വിക്രമാദിത്യ മോട്വാനെ, അനുരാഗ് കശ്യപ് എന്നിവർക്കെതിരെ വികാസ് ബാൽ കോടതിയെ സമീപിച്ചത്. മീ ടൂ വിവാദത്തെ തുടർന്ന് തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു എന്നു കാണിച്ചാണ് വികാസ് മൂന്നു പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

തന്നെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അപവാദപ്രചരണങ്ങൾക്ക് ഇടക്കാല ആശ്വാസമെന്ന പോലെ നിയന്ത്രണം കൊണ്ടു വരണമെന്നും വികാസ് ബാൽ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇടക്കാല ഉത്തരവ് നൽകാതെ, കോടതി കേസ് ഒക്ടോബർ 19 ലേക്ക് നീട്ടി. അതേസമയം, വികാസ് ബാലും ഫാന്റം ഫിലിംസിന്റെ നാലാമത്തെ പാർട്ണറായ മധു മന്ദേനയും അപമര്യാദമായി പെരുമാറി എന്ന് ഉന്നയിച്ചുകൊണ്ടുള്ള സഹസംവിധായകയുടെ പരാതി കോടതി പരിഗണനയ്ക്ക് എടുക്കുകയും ചെയ്തു.

വികാസിനു വേണ്ടി അഡ്വക്കേറ്റ് ഹിതേഷ് ജെയ്ൻ തയ്യാറാക്കിയ ഹർജിയിൽ നഷ്ടപരിഹാരത്തിനു പുറമെ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ തുടങ്ങിയവർക്കെതിരെ തനിക്കെതിരെ അപകീർത്തിപരമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് സ്ഥിരമായ നിരോധനം ഏർപ്പെടുത്തണമെന്നും ഹർജിയിൽ പറയുന്നു.

വസ്തുനിഷ്ഠമല്ലാത്ത​ ആരോപണങ്ങൾ തന്റെ അഭ്യുദയകാംക്ഷികൾക്കിടയിലും ഫാൻസിനിടെയിലും സഹപ്രവർത്തകർക്കിടയിലുമെല്ലാം തന്റെ വ്യക്തിത്വത്തെ അപകീർത്തിപ്പെടുന്നു എന്നും ഹർജിയിൽ എടുത്തുപറയുന്നു. “എന്റെ കരിയർ നശിപ്പിക്കാനാണ് അനുരാഗും വിക്രമാദിത്യനും ശ്രമിക്കുന്നത്. ഏറെ പ്രതീക്ഷയുള്ള വലിയ റിലീസ് പടങ്ങളിൽ ഒന്നായ ‘സൂപ്പർ 30’ അനിശ്ചിതത്വത്തിൽ ആക്കിയതിനെ തുടർന്നുണ്ടാകുന്ന വലിയ നഷ്ടത്തിന് അനുരാഗും വിക്രമാദിത്യനും നഷ്ടപരിഹാരം നൽകണമെന്നും,” ഹർജിയിൽ വികാസ് ബാൽ ആവശ്യപ്പെടുന്നു. തന്റെ ‘ക്വീൻ’ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയതിലുള്ള പ്രൊഫഷണൽ അസൂയയാണ് അനുരാഗ് പ്രകടിപ്പിക്കുന്നതെന്നും വികാസ് ആരോപിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ