മീ ടൂ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുംബൈ ചലച്ചിത്രമേളയുടെ ബോര്‍ഡ് അംഗ സ്ഥാനം രാജിവച്ചു. 2015ല്‍ ഗോവയിലെ ഒരു പാര്‍ട്ടിക്കിടയില്‍ വച്ച് അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്നും ഇക്കാര്യം താന്‍ അനുരാഗ് കശ്യപിനോട് പരാതിപ്പെട്ടിരുന്നുവെന്നും പക്ഷെ അദ്ദേഹം നടപടി സ്വീകരിച്ചില്ലെന്നും ബഹല്‍ കൂടി പാര്‍ട്ണറായ അനുരാഗ് കശ്യപിന്റെ ഫാന്റം ഫിലിംസിലെ ജീവനക്കാരി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കശ്യപിന്റെ രാജി.

ഫാന്റം ഫിലിം പ്രൊഡക്ഷന്‍സ് എന്ന നിർമ്മാണ കമ്പനിയുടെ സ്ഥാപകനാണ് വികാസ് ബഹല്‍. 2011ല്‍ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്ട്വാനി, മധു മന്റേന, വികാസ് ബഹല്‍ എന്നിവര്‍ ചേര്‍ന്നാണ് കമ്പനി തുടങ്ങിയത്. പീഡന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കമ്പനി പിരിച്ചുവിട്ടു. കമ്പനിയിലെ മുന്‍ ജീവനക്കാരിയാണ് പീഡനാരോപണവുമായി രംഗത്തെത്തിയത്. കശ്യപിനോട് ഈ വിവരം പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് യുവതി വ്യക്തമാക്കിയിരുന്നു.

അതിനിടെ സംഭവത്തില്‍ ക്ഷമാപണവുമായി കശ്യപും രംഗത്തെത്തി. അതിക്രമം അറിഞ്ഞിട്ടും താന്‍ പ്രതികരിച്ചില്ലെന്ന ആരോപണത്തിന് കാരണമായത് വക്കീലിന്റെ ഉപദേശമായിരുന്നുവെന്നും അത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നതായും കാശ്യപ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പ്രസ്താവന ഇറക്കിയതിന് അനുരാഗ് കശ്യപിനെതിരെയും വിക്രമാദിത്യ മോട്ട്വാനിക്കെതിരെയും ബഹല്‍ അപകീര്‍ത്തി കേസ് കൊടുത്തിട്ടുണ്ട്. ഇരുവരും അവസരവാദികളാണെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. സത്യം അറിയാതെയാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്നും ബഹല്‍ ആരോപിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ