പ്രശസ്ത നടന്‍ ആലോക് നാഥിനെതിരെ ലൈംഗികാരോപണവുമായി നിര്‍മ്മാതാവ് വിന്റ നന്ദ രംഗത്തെത്തിയ പശ്ചാത്തലത്തിൽ നടന് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാൻ താരസംഘടനയായ സിന്റ (സിനി ആൻഡ് ടിവി ആർട്ടിസ്റ്റ് അസോസിയേഷൻ) തീരുമാനിച്ചു.

ഏകദേശം 20 വര്‍ഷം മുമ്പ് ആലോക് നാഥ് തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് നന്ദയുടെ ആരോപണം. ഏറ്റവും സംസ്‌കാര സമ്പന്നന്‍ എന്ന ഇമേജ് ഉള്ളയാള്‍ എന്നാണ് നന്ദ ആലോക് നാഥിനെക്കുറിച്ച് പറഞ്ഞത്.

‘കഴിഞ്ഞ 19 വര്‍ഷമായി ഞാന്‍ കാത്തിരുന്നത് ഈയൊരു നിമിഷത്തിനു വേണ്ടിയായിരുന്നു,’ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നന്ദ പറയുന്നു.
‘സിനിമാ-ടെലിവിഷന്‍ രംഗത്തെ ഏറ്റവും കഴിവുറ്റ, സംസ്‌കാര സമ്പന്നനായ നടന്‍,’ എന്ന വിശേഷണത്തോടെ നന്ദ പറയുന്നു.

സംസ്‌കാര സമ്പന്നന്‍, മുന്‍നിര നടന്‍, ഒരു നൂറ്റാണ്ടിന്റെ ടെലിവിഷന്‍ താരം എന്നിങ്ങനെയുള്ള സൂചനകളിലൂടെ സംശയം ആലോക് നാഥിലേക്ക് നീണ്ടിരുന്നു. പിന്നീട് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയോട് എസ്എംഎസ് വഴിയാണ് ആലോക് നാഥ് തന്നെയാണ് തന്നെ ഉപദ്രവിച്ചതെന്ന് നന്ദ വ്യക്തമാക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍ പിതാവിന്റെ വേഷങ്ങളിലൂടെ വളരെ ജനപ്രിയനായ നടനാണ് ആലോക് നാഥ്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും മീ ടൂ ക്യാംപെയിനിന്റെ ഭാഗമായി ഉയരുന്ന ശബ്ദങ്ങളാണ് വിന്റ നന്ദയ്ക്കും തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയാനുള്ള ധൈര്യം നല്‍കിയത്. ആലോക് നാഥ് ഒരു മദ്യപാനിയും ലജ്ജയില്ലാത്തവനുമാണ് എന്നാണ് നന്ദ പറയുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഉണ്ടായിരുന്ന മുഖ്യനടിയേയും ആലോക് നാഥ് ഉപദ്രവിച്ചിട്ടുണ്ടെന്ന് നന്ദ പറയുന്നു.

രാത്രി രണ്ടു മണിക്ക് ആലോക് നാഥിന്റെ വീട്ടില്‍ നിന്നും പാര്‍ട്ടി കഴിഞ്ഞുവരുമ്പോഴാണ് തനിക്ക് ഈ മോശം അനുഭവം ഉണ്ടായതെന്ന് നന്ദയുടെ വെളിപ്പെടുത്തല്‍. ‘ഞാന്‍ ഒഴിഞ്ഞ തെരുവിലൂടെ വീട്ടിലേക്ക് നടക്കുകയായിരുന്നു. അതിനിടയില്‍ ആലോക് നാഥ് കാറുമായി വന്നു. എന്നെ വീട്ടിലാക്കിത്തരാമെന്നു പറഞ്ഞു. ഞാന്‍ അയാളെ വിശ്വസിച്ച് കാറില്‍ കയറി.’

‘പിന്നീട് എന്റെ ബോധം പോയിത്തുടങ്ങി. എന്റെ വായിലേക്ക് കൂടുതല്‍ മദ്യം ഒഴിക്കുകയും തുടര്‍ന്ന് എന്നെ ക്രൂരമായി ആക്രമിക്കുകയും ചെയ്തതു മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ. അടുത്ത ദിവസം ഉച്ചകഴിഞ്ഞാണ് ഞാന്‍ എണീറ്റത്. വല്ലാത്ത വേദനയായിരുന്നു. എന്റെ സ്വന്തം വീട്ടില്‍ കൊണ്ടുവന്നാണ് എന്നെ അയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്,’ നന്ദ പറഞ്ഞു.

‘എനിക്ക് കിടക്കയില്‍ നിന്നും എണീക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. എന്റെ ചില സുഹൃത്തുക്കളോട് ഇതേക്കുറിച്ചു പറഞ്ഞപ്പോള്‍ എല്ലാം മറന്ന് മുന്നോട്ടു ജീവിക്കാനാണ് അവര്‍ ഉപദേശിച്ചത്.’

പിന്നീട് പ്ലസ് ചാനലില്‍ പരിപാടികള്‍ക്ക് വേണ്ടി സ്‌ക്രിപ്റ്റ് എഴുതാനും സംവിധാനം ചെയ്യാനും നന്ദയ്ക്ക് ജോലി ലഭിച്ചു. വീണ്ടും ആലോകുമായി സഹകരിക്കേണ്ട അവസരങ്ങള്‍ വന്നു. ആ സമയത്ത് താന്‍ ഭീഷണിയിലാണെന്ന് തോന്നിപ്പിക്കും വിധമുള്ള അന്തരീക്ഷം അയാള്‍ അവിടെയെല്ലാം സൃഷ്ടിച്ചെടുക്കുകയായിരുന്നുവെന്നും നന്ദ പറുന്നു.

അയാള്‍ക്കൊപ്പം സഹകരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് തന്നെ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടുവെന്നും നന്ദ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook