നടന്‍ അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടു എന്നാരോപിച്ച് #MeToo ക്യാംപെയിനിലൂടെ മുന്നോട്ടു വന്ന നടി ദിവ്യാ ഗോപിനാഥിന് പിന്തുണയുമായി ‘ആഭാസം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജുബിത് നമ്രടത്ത്. ഈ സിനിമയുടെ ലൊക്കേഷനില്‍ വച്ച് അലന്‍സിയര്‍ തന്നോട് പല തവണ മോശമായി പെരുമാറി എന്നാണ് ദിവ്യയുടെ ആരോപണം.
ദിവ്യ എഴുതിയ വാക്കുകളും, പറഞ്ഞ വാക്കുകളും നൂറ് തവണ ശരിയാണെന്ന് ആവർത്തിക്കുന്നു എന്നും അവൾക്കൊപ്പം തന്നെയാണ് ആഭാസത്തിൽ വർക്ക് ചെയ്ത തെളിവും ബോധവുമുള്ള ഏതൊരു വ്യക്തിയുമെന്നും ജുബിത് നമ്രടത്ത് പറയുന്നു. ചിത്രീകരണ സമയത്ത് ഈ വിഷയം അറിഞ്ഞപ്പോള്‍ വളരെ സഭ്യതയോടെ താക്കീത് ചെയ്‌തു എന്നും അലന്‍സിയറിനെ മേയ്ക്കാൻ വേണ്ടി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്ടറെ വയ്ക്കേണ്ടി വന്നുവെന്നും ജുബിത് വെളിപ്പെടുത്തി. താക്കീത് ചെയ്തതിന്റെ ഫലമായിട്ടാവാം, തുടർന്ന് ഷോട്ടുകൾക്കിടയില്‍ ഒട്ടും പ്രൊഫഷണൽ അല്ലാത്ത സ്വഭാവമാണ് അലന്‍സിയര്‍ കാണിച്ചതെന്നും സംവിധായകന്‍ ആരോപിക്കുന്നു.
“Schedule ഗ്യാപ് കഴിഞ്ഞു വരുമ്പോൾ മുടി പറ്റയടിച്ചു വന്ന്, continuity’യെ കാറ്റിൽ പറത്തുക. ചോദിക്കുമ്പോൾ ‘നിങ്ങളുടെ ഈ ഒരു പടം മാത്രമല്ലല്ലോ, എനിക്ക് വേറെയും പടങ്ങളില്ലേ’ എന്നു തിരിച്ചു ചോദിക്കുക. കോമ്പിനേഷൻ സീനുകളിൽ ഡയലോഗിന് പകരം തെറി പറയുക, ചോദിക്കാൻ ചെല്ലുമ്പോൾ ‘ആഭാസമല്ലേ, അപ്പോൾ ഇങ്ങനെ ഒക്കെ ആകാം’ എന്ന് പറയുക. ഒരു വിധത്തിലാണ് പുള്ളിക്കാരന്റെ സീനുകൾ, ഞങ്ങൾക്ക് വേണ്ട രീതിയിൽ ഒന്ന് തീർത്തെടുത്തത്,” ജുബിത് കുറിച്ചു.
തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി പ്രവര്‍ത്തിക്കേണ്ടി വന്നതെന്നും ഇതിന്റെ സെറ്റില്‍ വച്ചായിരുന്നു ലൈംഗികാതിക്രമണം നേരിട്ടതെന്നും നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പ്രലോഭന ശ്രമങ്ങളുമായാണ് തുടക്കം മുതല്‍ അലന്‍സിയര്‍ തന്നെ സമീപിച്ചത്. അലന്‍സിയര്‍ തന്റെ മുറിയിലേക്ക് വന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും ദിവ്യ പറഞ്ഞു.
സിനിമയുടെ ചിത്രീകരണ സമയത്ത് താന്‍ ദിവ്യയുടെ മുറിയില്‍ പോയത് സത്യമാണെന്നും, എന്നാല്‍ അത് ദുരുദ്ദേശ്യത്തോടെയല്ല, സൗഹൃദത്തിന്റെ പേരില്‍ മാത്രമായിരുന്നുവെന്നും അലന്‍സിയര്‍ പറയുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ അന്നേ മാപ്പുപറയുകയും പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നുവെന്നും അലന്‍സിയര്‍ വ്യക്തമാക്കി. മദ്യലഹരിയില്‍ താന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ പിന്നീട് ദിവ്യയോട് മാപ്പ് പറഞ്ഞിരുന്നുവെന്നും, ഇപ്പോള്‍ ദിവ്യ പറയുന്ന കാര്യങ്ങള്‍ മുഴുവനായും ശരിയല്ലെന്ന് അലന്‍സിയര്‍ പറയുന്നു.