തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയര്‍ന്ന മീ ടു ആരോപണത്തില്‍ പ്രതികരണവുമായി ഭാര്യയും നര്‍ത്തകയുമായ മേതില്‍ ദേവിക. മീ ടു ക്യാമ്പയിനെ പിന്തുണക്കുന്നതായി പറഞ്ഞ മേതില്‍ ദേവിക മുകേഷിനെതിരായ ആരോപണം തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും പറഞ്ഞു.
മീ ടു കാമ്പയിന്‍ വന്നത് വളരെ നന്നായി. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ നല്ല ഒരു അവസരമാണ് ഇത്. വ്യക്തിപരമായി താന്‍ മീ ടു കാമ്പയിന് എല്ലാവിധ പിന്തുണയും നല്‍കുന്നെന്നും അവര്‍ പറഞ്ഞു. ന്യൂസ് 18 ചാനലിലായിരുന്നു ദേവികയുടെ പ്രതികരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആരോപണത്തില്‍ ഭാര്യ എന്ന നിലയില്‍ ആശങ്കപ്പെടുന്നില്ലെന്ന് അവര്‍ പറഞ്ഞു.
‘ഇപ്പോള്‍ വന്ന ആരോപണങ്ങളോട് ഒരു സ്ത്രീ എന്ന രീതിയില്‍ പ്രതികരിക്കുമ്പോള്‍ ‘അയ്യോ’ എന്നൊരു വിഷമം ഒക്കെ തോന്നുന്നുണ്ട്. ഭാര്യ എന്ന രീതിയില്‍ പ്രതികരിക്കുമ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. മുകേഷേട്ടനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം തീര്‍ത്തുപറഞ്ഞത് തനിക്ക് അങ്ങനെയൊരു സംഭവം ഓര്‍മ്മയില്ല എന്നാണ്. എന്നോട് അങ്ങനെ നുണ പറയാറില്ല എന്നാണ് എന്റെ വിശ്വാസം’ അവര്‍ പറയുന്നു.
അതേസമയം, പുരുഷന്മാര്‍ക്ക് പ്രകോപനപരമായി സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്ക് എതിരെയും ഇത്തരമൊരു കാമ്പയിന്‍ വേണ്ടതല്ലേയെന്നും ദേവിക ചോദിക്കുന്നു.
‘മുകേഷേട്ടന്റെ മൊബൈലില്‍ ഞാനാണ് പലപ്പോഴും മെസേജസ് കൈകാര്യം ചെയ്യാറുള്ളത്. ഒരുപാട് സ്ത്രീകള്‍ വളരെ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ അയയ്ക്കാറുണ്ട്. പലപ്പോഴും ഞാനാണ് മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളത്. ഒരു വൈഫ് എന്ന രീതിയില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റ് ആണ്. അതിനൊരു കാമ്പയിനിങ് ഒന്നുമില്ലേ, അതാണ് എന്റെ ചോദ്യ’മെന്നും അവര്‍ പറഞ്ഞു.
കൂടാതെ ഒരു സംഭവമുണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞ് അത് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ യുക്തിയേയും ദേവിക ചോദ്യം ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ അതിക്രമമാണെന്ന് മനസിലായിട്ടുണ്ടാകില്ല. ഇന്ന് അത് അതിക്രമമാണെന്ന് തിരിച്ചറിയാന്‍ സാധിച്ചെന്ന് വരാം. എന്നാല്‍ ഇത്രയും കാലത്തിനുള്ളില്‍ വ്യക്തിയില്‍ മാറ്റം വന്നിട്ടുണ്ടാകുമെന്നും അതുകൊണ്ട് വീണ്ടും പഴയ സംഭവം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അര്‍ത്ഥമില്ലെന്ന് അവര്‍ പറഞ്ഞു. ആളുകള്‍ക്ക് മാറാനുള്ള അവസരം കൊടുക്കണമെന്നും അവര്‍ പറഞ്ഞു.