കാത്തിരിപ്പുകൾക്കുശേഷം വിജയ് ചിത്രം മെർസൽ തിയേറ്ററുകളിൽ എത്തി. ബാൻഡ് മേളവും ചെണ്ടമേളവുമായി വൻ വരവേൽപ്പാണ് ചിത്രത്തിന് ആരാധകർ നൽകിയത്. തമിഴ്നാട്ടിലും കേരളത്തിലും ഫാൻസ് ഷോ കാണുന്നതിനായി പുലർച്ചെ തന്നെ ആരാധകർ തിയേറ്ററുകളിൽ എത്തിയിരുന്നു. തിയേറ്ററുകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന വിജയ്‌യുടെ കൂറ്റൻ ഫ്ലക്സ് ബോർഡുകളിൽ ആരാധകർ പാലഭിഷേകം നടത്തി. പടക്കം പൊട്ടിച്ച് ദീപാവലിക്കൊപ്പം മെർസലിനെയും ആരാധകർ വരവേറ്റു.

(എറണാകുളം കവിത തിയേറ്ററിൽനിന്നുളള ദൃശ്യം)

സിനിമയുടെ ആദ്യ പകുതി മാസ് എന്നാണ് ആരാധകർ പറയുന്നത്. പാട്ടുകൾ എല്ലാം അടിപൊടിയെന്നും ആരാധകരുടെ ഭാഷ്യം. എസ്.ജെ.സൂര്യ അവതരിപ്പിച്ച വില്ലൻ കഥാപാത്രവും മികച്ചതായിയെന്നും ആരാധകർ പറയുന്നു. ഡോക്ടർ, മജീഷ്യൻ, ഗ്രാമത്തലവൻ എന്നിങ്ങനെ മൂന്നു വേഷങ്ങളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. മെഡിക്കൽ രംഗത്തെ ചൂഷണത്തെക്കുറിച്ച് ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. കേരളത്തിൽ 300 ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

നിരവധി പ്രതിസന്ധികൾ മറികടന്നാണ് മെർസൽ റിലീസിനെത്തുന്നത്. ചിത്രത്തിൽ പക്ഷി മൃഗാദികളെ ഉപയോഗിച്ചത് തങ്ങളുടെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ ബോർഡ് രംഗത്തെത്തിയിരുന്നു. ഇത് സെൻസറിങ് നടപടികളെ ബാധിച്ചു. പ്രശ്നപരിഹാരത്തിനായി വിജയ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. ഒടുവിൽ ചിത്രത്തിന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചു.

(എറണാകുളം കവിത തിയേറ്ററിൽനിന്നുളള ദൃശ്യം)

130 കോടിയോളം മുതൽമുടക്കിലാണ് മെർസൽ ഒരുക്കിയത്. എന്നാൽ ചിത്രം റിലീസിനു മുൻപേ തന്നെ വിതരണാവാകാശത്തിലൂടെ 150 കോടി നേടിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.

mersal, vijay

(ഫാൻസ് ഷോ ടിക്കറ്റ്)

അറ്റ്‌ലിയാണ് മെർസലിന്റെ സംവിധായകൻ. തെരിക്കുശേഷം വിജയ്‌യെ നായകനാക്കിയുളള അറ്റ്‌ലിയുടെ രണ്ടാമത്തെ ചിത്രമാണിത്. മെർസലിൽ മൂന്നു വേഷത്തിലാണ് വിജയ് എത്തുന്നത്. ആദ്യമായാണ് വിജയ് മൂന്നു റോളിൽ ഒരു ചിത്രത്തിലെത്തുന്നത്. സാമന്ത, നിത്യാ മേനോൻ, കാജൾ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ