തൂത്തുക്കൂടിയിൽ പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാൻ ദളപതി വിജയ് എത്തി. ഇന്നലെ രാത്രിയിൽ അപ്രതീക്ഷിതമായിട്ടാണ് നടൻ എത്തിയത്. മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാതിരിക്കാനാണ് വിജയ് രാത്രിയിൽ എത്തിയത്. കാറിനു പകരം ബൈക്കിലാണ് നടനെത്തിയതെന്നതും ശ്രദ്ധേയമായി.

വെടിവയ്‌പിൽ കൊല്ലപ്പെട്ട മുഴുവൻ പേരുടെയും കുടുംബങ്ങൾ വിജയ് സന്ദർശിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം ഏറെ നേരം ചെലവിട്ടശേഷമാണ് നടൻ മടങ്ങിയത്. കുടുംബാംഗങ്ങൾക്കൊപ്പം നിലത്തിരുന്ന് അവരുമായി സംസാരിക്കുന്ന വിജയ്‌യുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം വിജയ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.

വിജയ് എത്തിയപ്പോൾ മാധ്യമങ്ങൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ആരെയും അറിയിക്കാതെ വളരെ രഹസ്യമായിട്ടായിരുന്നു വിജയ്‌യുടെ സന്ദർശനം. അവിടെയുണ്ടായിരുന്നവർ മൊബൈലിൽ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നപ്പോഴാണ് വിജയ്‌യുടെ സന്ദർശം പുറംലോകം അറിഞ്ഞത്. രജനീകാന്തിനും കമൽഹാസനും പിന്നാലെയാണ് വിജയ്‌യും തൂത്തുക്കുടി സന്ദർശിക്കുന്നത്.

സ്റ്റർലൈറ്റ് പ്ലാന്റിനെതിര നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരാണ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസ് നടപടിയിൽ 13 പേർക്കാണ് ജീവൻ നഷ്‌ടമായത്. പൊലീസിന്റെ നടപടിക്കെതിരെ തമിഴ്‌നാട്ടിൽ ശക്തമായ പ്രതിഷേധം നടന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook