/indian-express-malayalam/media/media_files/uploads/2017/10/khushbu-ddd-horz.jpg)
ചെന്നൈ: വിജയ് ചിത്രം മെർസലിൽ നിന്ന് വിവാദ രംഗങ്ങൾ നീക്കം ചെയ്തേക്കുമെന്ന വാര്‍ത്തകളെ തളളി നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുഷ്ബു. നിര്‍മ്മാതാക്കളോട് സംസാരിച്ചതിന് ശേഷമാണ് താനിത് വ്യക്തമാക്കുന്നതെന്നും ഖുഷ്ബു ട്വീറ്റ് ചെയ്തു.
ജി.എസ്.ടിയെയും ഡിജിറ്റൽ ഇന്ത്യ പദ്ധതിയെയും വിമർശിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്യുമെന്ന് നിര്‍മ്മാതാക്കളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തിരുത്തിയാണ് ഖുഷ്ബു രംഗത്തെത്തിയത്.
‘ശബ്ദിക്കുമ്പോള്‍ മാത്രമാണ് ഇന്ത്യ തിളങ്ങുക’; മെര്‍സലിന് കത്രിക വയ്ക്കരുതെന്ന് കമല്‍ഹാസന്‍
മെര്‍സലിന്റെ റിലീസിനൊപ്പം തമിഴ്നാട്ടില്‍ വിവാദവും പുകഞ്ഞു തുടങ്ങിയിരുന്നു. ജി.എസ്.ടി, നോട്ട് നിരോധം, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ സിനിമയിലൂടെ വിമര്‍ശിക്കുന്നു എന്ന് ആരോപിച്ച് തമിഴ്നാട്ടിലെ ബിജെപി നേതാക്കളാണ് രംഗത്തുവന്നത്.
No they are not. Spoke to the producers.. https://t.co/9HjoounZQa
— khushbusundar (@khushsundar) October 21, 2017
വിജയും വടിവേലുവും അഭിനയിച്ച രംഗങ്ങളെക്കുറിച്ചാണ് വിമര്‍ശം. ഒരു രംഗത്തില്‍ വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും ആരോഗ്യമേഖലയെ താരതമ്യം ചെയ്യുന്നുണ്ട്. സിംഗപ്പൂരില്‍ 7 ശതമാനം നികുതി ഈടാക്കുമ്പോള്‍ അവിടെ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാകുന്നു. ഇന്ത്യയില്‍ 28 ശതമാനം ജി.എസ്.ടി നല്‍കിയിട്ടും ഒരുവിധത്തിലുള്ള സൗജന്യ ചികിത്സയും ലഭിക്കുന്നില്ലെന്നായിരുന്നു വിജയ് കഥാപാത്രത്തിന്റെ സംഭാഷണം.
മറ്റൊരു രംഗത്തില്‍ വടിവേലു ഡിജിറ്റല്‍ ഇന്ത്യയെയും നോട്ട് നിരോധ സമയത്ത് എടിഎമ്മിന് മുന്നിലുണ്ടായിരുന്ന നീണ്ട ക്യൂവിനെയും പരിഹസിക്കുന്നുണ്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ താത്പര്യമുണ്ട് എന്നതിന്റെ തെളിവാണ് മെര്‍സലിലെ രംഗങ്ങളെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും ബിജെപി ആരോപിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.