scorecardresearch

ഈ വിജയ് ചിത്രം ഒരു നിമിഷംപോലും മടുപ്പിക്കില്ല; മെർസൽ റിവ്യൂ വായിക്കാം

മൊത്തത്തിൽ ക്ലാസ് പടമെന്ന് മെർസലിനെ വിശേഷിപ്പിക്കാം

മൊത്തത്തിൽ ക്ലാസ് പടമെന്ന് മെർസലിനെ വിശേഷിപ്പിക്കാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
mersal, vijay

വിജയ‌്‌യുടെ കരിയറിൽ മികച്ച ഹിറ്റുകൾ നൽകാൻ സാധിക്കുമെന്ന് സംവിധായകൻ ആറ്റ്‌ലി ഒരിക്കൽക്കൂടി തെളിയിച്ചു. ആരാധകർക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ വിജയ്‌യെ സ്ക്രീനിൽ അവതരിപ്പിക്കുക മാത്രമല്ല, മികച്ച തിരക്കഥയിലൂടെയും മെർസലിനെ ആറ്റ്‌ലി മികവുറ്റതാക്കി. ഇളയദളപതിയിൽനിന്നും ദളപതിയിലേക്ക് വിജയ്‌യെ മെർസലിലൂടെ ആറ്റ്‌ലി മാറ്റുകയും ചെയ്തു. രണ്ടു ദശാബ്ദത്തോളമായി ഇളയദളപതി എന്ന പേരിലാണ് വിജയ്‌യെ ആരാധകർ വിളിച്ചിരുന്നത്. എന്നാൽ മെർസലിൽ ഇളയ മാറി ദളപതി മാത്രമാണ് ഉളളത്.

Advertisment

മെഡിക്കൽ മേഖലയിലെ ചൂഷണത്തെ തുറന്നുകാട്ടുന്നതാണ് ചിത്രം എങ്കിലും ഓരോ നിമിഷവും ആരാധകർക്ക് ആകാംക്ഷയും ചിത്രം നൽകുന്നുണ്ട്. ചിത്രത്തിൽ മജീഷ്യന്റെയും ഡോക്‌ടറിന്രെയും വേഷത്തിൽ വിജയ് എത്തുന്നുണ്ട്. പക്ഷേ ഇരുവരും തമ്മിൽ ഒരു ബന്ധമുണ്ട്. ഇരുവരും സഹോദരങ്ങളാണ്. ചിത്രത്തിന്റെ ഇന്റർവെല്ലിനു തൊട്ടുമുൻപായാണ് ഇത് വെളിപ്പെടുത്തുന്നത്. രണ്ടു സഹോദരന്മാരും ഒരുമിച്ച് എത്തുന്ന നിമിഷം ചിത്രത്തിൽ ഏവരും കാത്തിരുന്ന നിമിഷങ്ങളാണെന്നു തോന്നിപ്പോകും.

മൂന്നു വേഷത്തിലാണ് മെർസലിൽ  വിജയ് എത്തുന്നതെന്ന് നേരത്തെതന്നെ ഏവർക്കും സുപരിചിതമായ കാര്യമാണ്. പക്ഷേ എങ്കിലും ഓരോ വേഷത്തിലുമുളള വിജയ്‌യുടെ എൻട്രി ആരാധകർ ഡാൻസ് കളിച്ചും വിസിലുകൾ വിളിച്ചും തിയേറ്ററിൽ ആഘോഷിക്കുന്നുണ്ടായിരുന്നു. മാരൻ ഒരു ഡോക്ടറാണ്. തന്റെ സേവനത്തിനായി 5 രൂപയിൽ കൂടുതൽ മാരൻ രോഗികളിൽനിന്നും വാങ്ങാറില്ല. വെട്രി ഒരു മജീഷ്യനാണ്. പാരിസിൽവച്ച് മാജിക് കാണിക്കുന്നതിനിടയിൽ നൂറുക്കണക്കിന് ജനങ്ങളുടെ മുന്നിൽവച്ച് വെട്രി ഒരാളെ കൊല്ലുന്നുണ്ട്.

ഈ സമയത്ത് മാരൻ പാരിസിലുണ്ട്. മെഡിക്കൽ രംഗത്ത് നടത്തിയ നല്ല പ്രവർത്തനങ്ങൾക്കുളള അവാർഡ് സ്വീകരിക്കുന്നതിനാണ് മാരൻ എത്തുന്നത്. വിമാനത്താവളത്തിൽ തമിഴ് വേഷം (പച്ച ഷർട്ടും മുണ്ടും) ധരിച്ചെത്തുന്ന മാരനോട് ആ വേഷം മാറാൻ അധികൃതർ ആവശ്യപ്പെടുന്നുണ്ട്. അപ്പോൾ മാരൻ പറയുന്ന ഡയലോഗ് തമിഴ് ജനതയ്ക്ക് ഒന്നടങ്കം അഭിമാനം നൽകുന്നതാണ്. ''എന്റെ ഭാഷയും എന്റെ വസ്ത്രധാരണവും ആണ് നിങ്ങൾക്ക് പ്രശ്നമെങ്കിൽ, മാറേണ്ടത് നിങ്ങളാണ്, ഞാനല്ല''. ഈ സീനിനെ വൻ കൈയ്യടിയോടെയാണ് ആരാധകർ വരവേറ്റത്.

Advertisment

mersal, vijay

മധുര ജില്ലയിലെ ഒരു ഗ്രാമത്തിലെ തലവനാണ് വെട്രിയുടെ അച്ഛൻ. വെട്രിയുടെ അച്ഛനായ വെട്രിമാരനെ കൊല്ലപ്പെടുന്നു. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് വെട്രിമാരന്റെ കഥ കാണിക്കുന്നത്. തന്റെ ഗ്രാമത്തിൽ വലിയൊരു ആശുപത്രി പണിയുക എന്നത് വെട്രിമാരന്റെ സ്വപ്നമാണ്. ആശുപത്രി പണിതു കഴിയുമ്പോൾ അവിടെ ഡോക്ടറായി ഡാനിയേൽ എത്തുന്നു. രണ്ടാം പകുതിയിൽ വികാരനിർഭരമായ നിരവധി സീനുകൾ ഉണ്ട്.

ചില അക്രമ സീനുകൾ ചിത്രത്തിലുണ്ട്. അതോടൊപ്പം കണ്ണുകൾ ഈറനണിയുന്ന രംഗവും ഉണ്ട്. ചിത്രത്തിലെ നായികമാരായ സാമന്തയെയും കാജൽ അഗർവാളിനെക്കാളും മികച്ചു നിന്നത് നിത്യാ മേനോൻ ആണെന്നു തന്നെ പറയണം. തന്റെ കഥാപാത്രം നിത്യ മികച്ചതാക്കിയിട്ടുണ്ട്. വെട്രിമാരന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തിൽ നിത്യയുടേത്. വളരെ കുറച്ചു രംഗങ്ങളാണ് സാമന്തയ്ക്ക് ഉണ്ടായിരുന്നതെങ്കിലും തന്റെ ഭാഗം ഭംഗിയായി സാമന്ത അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ പാട്ടുകൾ എടുത്തുപറയേണ്ടവയാണ്.  'ആല പോറാൻ തമിഴൻ' എന്ന ഗാനത്തിനൊപ്പം ആരാധകർ നിർത്താതെ ചുവടു വയ്ക്കുന്നുണ്ടായിരുന്നു.

mersal, vijay

അന്വേഷണ ഉദ്യോഗസ്ഥനായ രത്നവേലിന്റെ വേഷത്തിലാണ് സത്യരാജ് ചിത്രത്തിലെത്തുന്നത്. വടിവേലുവിന്റെ കോമഡിയാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത. വില്ലൻ കഥാപാത്രമായ എസ്.ജെ.സൂര്യയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. വില്ലൻ വേഷം സൂര്യയുടെ കൈകളിൽ ഭദ്രമായിരുന്നുവെന്ന് ചിത്രം കണ്ടുകഴിയുമ്പോൾ തോന്നും.

വിജയ്‌യെ നായകനാക്കി ആറ്റ്‌ലി ഒരുക്കിയ തെരിയെക്കാളും മികച്ചുനിൽക്കുന്നതാണ് മെർസൽ. ചിത്രത്തിൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഉണ്ടെങ്കിലും മടുപ്പിക്കുന്ന ഒരു നിമിഷം പോലും ഇല്ല. മൊത്തത്തിൽ ക്ലാസ് പടമെന്ന് മെർസലിനെ വിശേഷിപ്പിക്കാം. പടം കണ്ടിറങ്ങുന്നവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്ന് ഉറപ്പിക്കാം.

-ആർ.മനോജ് കുമാർ

Ilayathalapathy Vijay Mersal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: