റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും തമിഴ്നാട്ടിൽ നമ്പർ വൺ ആയി മുന്നേറുകയാണ് വിജയ്‌യുടെ മെർസൽ. ചിത്രം ഇതിനോടകം തന്നെ 200 കോടി ക്ലബിൽ കയറിക്കഴിഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് തമിഴ്നാട്ടിൽനിന്നു മാത്രം 100 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നായി 40 കോടിയും ഇന്ത്യയ്ക്കു പുറത്തുനിന്നും 72 കോടിയും കളക്ഷൻ വകയിൽ ചിത്രം നേടിക്കഴിഞ്ഞു.

ചെന്നൈയിൽ ചിത്രം ഇപ്പോഴും മുന്നേറുകയാണ്. തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടരുന്നത്. കനത്ത മഴയെ അവഗണിച്ചും ചിത്രം കാണാനായി നിരവധി ആരാധകരാണ് തിയേറ്ററിൽ എത്തുന്നത്. ഇതിനു മുൻപത്തെ പല ബ്ലോക്ബസ്റ്റർ സിനിമകളുടെയും കളക്ഷൻ റെക്കോർഡുകളും ചിത്രം തകർത്തിട്ടുണ്ട്.

മെർസൽ സിനിമയിൽ ജിഎസ്ടി, ഡിജിറ്റൽ ഇന്ത്യ, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്ര നയങ്ങളെ വിമർശിച്ചതിന് പിന്നാലെ ബിജെപി പ്രവർത്തകർ സിനിമയ്ക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാൽ ഇതിനെതിരെ വിജയ് ആരാധകരും സിനിമാ പ്രവർത്തകരും ഒന്നടങ്കം രംഗത്തുവന്നു. ഇതിനുപിന്നാലെ ചിത്രം കാണാനെത്തിയവരുടെ തിരക്കും കൂടി.

വിജയ്‌യെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മെർസൽ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തെരി വൻ വിജയമായിരുന്നു. വിജയ്‌യെ നായകനാക്കി മൂന്നാമത്തെ ചിത്രം ഒരുക്കാനുളള നീക്കത്തിലാണ് ഇപ്പോൾ ആറ്റ്‌ലി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ