ചെന്നൈ: ഇളയ ദളപതി വിജയ് നായകനായ ദീപാവലി റിലീസ് ചിത്രം മെര്‍സല്‍ വിജയക്കുതിപ്പ് തുടരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോര്‍ഡാണ് ചിത്രം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ശങ്കറിന്റെ ‘ഐ’ എന്ന വിക്രം ചിത്രത്തിന്റെ റെക്കോര്‍ഡാണ് വിജയ് ചിത്രം ഭേദിച്ചത്. 20 കോടി രൂപയായിരുന്നു ഐ കേരളത്തില്‍ നിന്നും വാരിയത്.

20 കോടിയും കടന്ന് കേരളത്തില്‍ മെര്‍സല്‍ ഇപ്പോഴും റിലീസ് തുടരുകയാണ്. 16.7 കോടി വാരിയ വിജയ്‍യുടെ തെരി ആയിരുന്നു നേരത്തേ രണ്ടാം സ്ഥാനത്ത്.

ഇന്ത്യയില്‍ 4500 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത റിലീസ് ചെയ്ത ചിത്രം ആദ്യദിനം മാത്രം വാരിയത് 43.3 കോടി രൂപയായിരുന്നു. ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ക്കെതിരെ ബിജെപി രംഗത്ത് വന്നതും ചിത്രത്തിന്റെ മൈലേജ് വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

തമിഴ്നാട്ടില്‍ കബാലിയുടേയും വിവേഗത്തിന്റേയും റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ത്തിട്ടുണ്ട്. വിദേശത്തും ചിത്രം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അമേരിക്കയില്‍ വിവേഗത്തിന്റെ റെക്കോര്‍ഡും ചിത്രം പിന്നിലാക്കി. മെർസലിനെതിരെ ബിജെപി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെയും സിനിമയെ പിന്തുണച്ചും നടന്‍ കമലഹാസൻ അടക്കമുളളവര്‍ രംഗത്തെത്തിയതും ചിത്രത്തിന് മുതല്‍കൂട്ടായി.

ചിത്രത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് എഡിറ്റ് ചെയ്ത് മാറ്റണമെന്നുമാണ് ബിജെപിയുടെ ആവശ്യം. സിനിമയില്‍ ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം വിഷയമാവുന്നുണ്ട്. ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ട്. ഇതാണ് ബിജെപിയെ ചൊടിപ്പിപ്പിച്ചത്.

സമകാലീന ഇന്ത്യയിലെ വിവിധ പ്രശ്നങ്ങളില്‍ മെർസൽ സിനിമ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. 7% ജിഎസ്ടി ഉള്ള സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്. രാജ്യത്തെ ഡിജിറ്റൽ ഇന്ത്യ ക്യാംപെയിനെ കളിയാക്കുന്ന രംഗവും ചിത്രത്തിലുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ