ചെന്നൈ: തല അജിതിന്റെ വിവേകത്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇളയദളപതി വിജയിയുടെ എറ്റവും പുതിയ ചിത്രം മെര്‍സല്‍ മുന്നേറുന്നു. അമേരിക്കയില്‍ നിന്ന് വിവേകം ആകെ നേടിയ കളക്ഷന്‍ വെറും മൂന്ന് ദിവസം കൊണ്ടാണ് മെര്‍സല്‍ തകര്‍ത്തത്.

ആകെ 5,22,091 യുഎസ് ഡോളറാണ് വിവേകം അമേരിക്കയില്‍ നിന്നും കളക്ട് ചെയ്തത്. അതേസമയം മൂന്ന് ദിവസം കൊണ്ട് 5,40,745 യുഎസ് ഡോളറാണ് മെര്‍സല്‍ വാരിക്കൂട്ടിയത്. നേരത്തേ വിവേകത്തിന് മോശം അഭിപ്രായം കിട്ടിയത് ചിത്രത്തിന്റെ അമേരിക്കന്‍ കുതിപ്പിന് തടസ്സമായിരുന്നു.

കത്തിക്കും തെരിക്കും ശേഷം അമേരിക്കയില്‍ നിന്ന് അഞ്ച് ലക്ഷം ഡോളര്‍ കളക്ഷന്‍ നേടുന്ന വിജയ് ചിത്രമാണ് മെര്‍സല്‍. നേരത്തേ തെരി 10 ലക്ഷം ഡോളറാണ് കളക്ഷന്‍ നേടിയത്. ബ്രിട്ടനിലും മെര്‍സല്‍ മികച്ച നേട്ടമാണ് കൈവരിക്കുന്നത്. 81.08 ലക്ഷം രൂപയാണ് ബ്രിട്ടനില്‍ നിന്നും ചിത്രം ഇതുവരെ വാരിയത്. ഓസ്ടേലിയയില്‍ നിന്ന് 68 ലക്ഷം രൂപയും നേടിയിട്ടുണ്ട്.

ഇതിനിടെ മെര്‍സലിനെതിരെ ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന ഘടകം രംഗത്ത് വന്നത് വിവാദമായിട്ടുണ്ട്. ചിത്രത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് എഡിറ്റ് ചെയ്ത് മാറ്റണമെന്നുമാണ് അവശ്യം.

സമകാലിന ഇന്ത്യയിലേ വിവിധ പ്രശ്നങ്ങളില്‍ മെർസൽ സിനിമ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. 7% ജി.എസ്.ടി ഉള്ള സിഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജി.എസ്.ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗൊര്ഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ഇന്ത്യ കാമ്പയിനെ കളിയാക്കുന്ന രംഗവും ചിത്രത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook