പ്രഭുദേവയെ കേന്ദ്ര കഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം മെര്‍ക്കുറിയുടെ ട്രയിലര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു. ചിത്രം ഒരു സൈലന്റ് ത്രില്ലറാണ്. അതിനാല്‍ തന്നെ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ആര്‍ക്കും ആസ്വദിക്കാന്‍ കഴിയുമെന്ന് ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സൈലന്റ് ത്രില്ലര്‍ എന്നു തന്നെയാണ് സിനിമയെ അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്. ഏപ്രില്‍ 13നാണ് സിനിമ റിലീസ് ചെയ്യുന്നത്.

ചിത്രം നിശബ്ദമായതിനാല്‍ തന്നെ സൗണ്ട് ട്രാക്കാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നിര്‍വ്വഹിക്കുന്നത്. സന്തോഷ് നാരായണന്‍, സൗണ്ട് ഡിസൈനര്‍ കുനാല്‍ രാജന്‍ എന്നിവരാണ് മെര്‍ക്കുറിയുടെ ശ്രവണാനുഭവം ആസ്വാദകര്‍ക്ക് നല്‍കുന്നത്.

മനുഷ്യ മാംസത്തിനു വേണ്ടി അലയുന്ന സോംബിയെ പോലെയാണ് പ്രഭുദേവയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് പ്രഭുദേവയുടെ കഥാപാത്രം എന്നു വ്യക്തമല്ല. പ്രഭുദേവയ്‌ക്കൊപ്പം സനന്ത് റെഡ്ഡി, ദീപക് പര്‍മേഷ്, ശശാങ്ക് പുരുഷോത്തമന്‍, അനിഷ് പത്മനാഭന്‍, ഇന്ദുജ രവിഷന്ദ്രന്‍, ഗജരാജ് എസ്പി, രമ്യ നമ്പീശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജിഗര്‍ദണ്ട ഉള്‍പ്പെടെ തമിഴിലെ നിരവധി മികച്ച ചിത്രങ്ങളുടെ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. രജനീകാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതും കാര്‍ത്തിക് സുബ്ബരാജാണ്. പെന്‍ സ്റ്റുഡിയോസും സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് മെര്‍ക്കുറി നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ