തന്റെ ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കി മലയാളത്തിലെ ഹിറ്റ്‌മേക്കറില്‍ ഒരാളായാണ് നാദിർഷ അറിയപ്പെടുന്നത്. അമര്‍ അക്ബര്‍ അന്തോണിക്കു പിന്നാലെയിറങ്ങിയ കട്ടപ്പനയിലെ ഹൃത്വിക് റോഷനും വലിയ ഹിറ്റായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളിലൂടെയാണ് നാദിര്‍ഷ മലയാളികളുടെ ഇഷ്ട സംവിധായകനായി മാറിയത്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ആസിഫ് അലി, ബിജു മേനോന്‍, ബൈജു തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് മേരാ നാം ഷാജി. ഇത്തവണയും കോമഡിക്ക് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്.

ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്ന ബൈജു ശക്തമായ തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ്. 37 വർഷമായി സിനിമാരംഗത്തുളള ബൈജു ഇടക്കാലത്ത് ചില വിവാദങ്ങളില്‍ പെട്ട് അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് വികടകുമാരന്‍, പുത്തന്‍പണം, ആട് 2, ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ബൈജു വീണ്ടും സിനിമയില്‍ സജീവമായി. കഴിഞ്ഞ ദിവസം നാദിര്‍ഷയും ബൈജുവും ഫെയ്സ്ബുക്ക് ലൈവിലൂടെ ചിത്രത്തെ കുറിച്ച് സംസാരിക്കാനായി എത്തിയിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടയില്‍ നാദിര്‍ഷ ഒരു പ്രത്യേക കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

സഹനടനായി മാത്രം അഭിനയിക്കാറുളള ബൈജുവിന്റെ വലിയ കട്ടൗട്ടുകള്‍ തിരുവനന്തപുരത്തെ തിയേറ്ററുകള്‍ക്ക് പുറത്ത് കണ്ടതാണ് നാദിര്‍ഷ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ബൈജുവിന്റെ തുറന്നു പറച്ചിലാണ് രസകരമായത്. താന്‍ തന്നെ പൈസ കൊടുത്ത് വയ്പിതാണ് ആ കട്ടൗട്ടുകളെന്നാണ് ബൈജു പറഞ്ഞത്. ഒരു കട്ടൗട്ടിന് 15,000 രൂപ തനിക്ക് ചെലവായെന്നും ബൈജു തുറന്നു പറഞ്ഞു. ഈ വെളിപ്പെടുത്തലിനെ നാദിര്‍ഷയും ആരാധകരും ഒരു പോലെ അഭിനന്ദിക്കുകയാണ്. ബൈജു പറയുന്ന വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബി.രാകേഷ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരാണ് കഥ. ജോണ്‍ കുട്ടി എഡിറ്റിങ്ങും എമില്‍ മുഹമ്മദ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook