scorecardresearch
Latest News

‘ആർത്തവം സാധാരണമാണ്’, സ്കൂൾ കാലഘട്ടത്തിലെ അനുഭവം പറഞ്ഞ് ജ്യോത്സ്‌ന

സ്കൂൾ യൂണിഫോമിലുള്ള പഴയ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് മലയാളികളുടെ ഇഷ്ട ഗായിക തന്റെ അനുഭവം കുറിച്ചിരിക്കുന്നത്

‘ആർത്തവം സാധാരണമാണ്’, സ്കൂൾ കാലഘട്ടത്തിലെ അനുഭവം പറഞ്ഞ് ജ്യോത്സ്‌ന

ആർത്തവം സാധാരണമായ ഒരു ശാരീരിക പ്രക്രിയയാണെന്നും അതിനെക്കുറിച്ചു സംസാരിക്കാനുള്ള മടിയും ചമ്മലും മാറ്റണമെന്നും ഗായിക ജ്യോത്സ്ന. സ്കൂൾ കാലഘട്ടത്തിലെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിലാണ് ജ്യോത്സ്നയുടെ പ്രതികരണം.

സ്കൂൾ യൂണിഫോമിലുള്ള പഴയ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് മലയാളികളുടെ ഇഷ്ട ഗായിക തന്റെ അനുഭവം കുറിച്ചിരിക്കുന്നത്. “ഈ ചിത്രത്തിലേക്ക് നോക്കുമ്പോൾ അന്ന് സാധാരണമെന്ന് കരുതിയിരുന്ന പല കാര്യങ്ങളിലേക്കും എന്റെ കണ്ണു തുറപ്പിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് ജ്യോത്സ്നയുടെ കുറിപ്പ് ആരംഭിക്കുന്നത്.

“ഈ ചിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എത്ര ചെറുപ്പമായിരുന്നു എന്ന വസ്തുത തിരിച്ചറിയുന്നു, അന്ന് വളരെ സാധാരണമാണെന്ന് കരുതിയ ഒരുപാട് കാര്യങ്ങളിലേക്ക് എന്റെ കണ്ണുകൾ തുറക്കുന്നു. ഷാൾ വൃത്തിയായി തോളിൽ കുത്തി ലൂസായ യൂണിഫോം ധരിച്ചു നിൽക്കുന്ന ഇതിൽ എനിക്ക് ഏകദേശം 14 വയസ്സ് പ്രായമുണ്ടായിരിക്കണം.”

“സ്പോർട്സ് ദിവസങ്ങളിൽ വെള്ള യൂണിഫോമായിരുന്നു. ആർത്തവ സമയത്ത് അത് ധരിക്കുന്നതിനുള്ള പേടി! ബെഞ്ചിൽ നിന്നും എഴുന്നേൽക്കുമ്പോഴെല്ലാം അടുത്തുള്ള പെൺ സുഹൃത്തിന്റെ ചോദ്യം വരും, “ഹേയ് ചെക്ക് നാ”, ചുവന്ന നിറത്തിലുള്ള ഡിസൈൻ വന്നിട്ടുണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കും. ആവശ്യം വന്നാൽ ഉപയോഗിക്കാൻ പാഡുകൾ ബാഗിൽ നിറക്കും. മാസത്തിലെ ആ നാല് ദിവസങ്ങളിൽ പുറത്ത് കളിക്കാൻ വരാത്ത സുഹൃത്തുക്കളുമുണ്ട്. തങ്ങൾക്ക് ആർത്തവമാണെന്ന് ആരെങ്കിലും (പ്രത്യേകിച്ച് ആൺകുട്ടികൾ) അറിയുന്നത് ലജ്ജിക്കേണ്ടതും നാണിക്കേണ്ടതുമായ കാര്യമാണെന്ന ചിന്തയായിരുന്നു കാരണം.”

“പക്ഷേ അത് അങ്ങനെ ആയിരിക്കേണ്ടതുണ്ടോ? ഒരു സാധാരണ, സ്വാഭാവിക ശാരീരിക പ്രവർത്തനത്തെക്കുറിച്ചുള്ള അത്തരം ചിന്തകൾ പതിനാലാമത്തെ വയസ്സിൽ തന്നെ ഭാരമാകേണ്ടതുണ്ടോ?”

കാര്യങ്ങൾ പതുക്കെ മാറാൻ തുടങ്ങിയത് കാണുമ്പോൾ സന്തോഷം തോന്നുന്നു. എല്ലാം സാവധാനം ഉറപ്പായും മാറും. ചെറിയ പെൺകുട്ടികൾ ചെറിയ പെൺകുട്ടികളായിരിക്കട്ടെ. ആദ്യ ആർത്തവം മുതൽ അവരെ “പക്വതയുള്ളവർ” ആയി കാണരുത്. അവരുടെ പുസ്തകങ്ങളിൽ നിന്നും ലൈംഗിക പഠന പേജുകൾ ഒഴിവാക്കരുത്. നിങ്ങളുടെ പെൺകുട്ടികളോടും ആൺകുട്ടികളോടും അതിനെക്കുറിച്ച് സംസാരിക്കുക. അതിനുമേലുള്ള ലജ്ജയും വിലക്കും നീക്കുക. ആർത്തവം സാധാരണമാണ്. ലളിതവും” ജ്യോത്സ്ന കുറിച്ചു.

നിരവധി പേരാണ് ജ്യോത്സ്നയുടെ പോസ്റ്റിനു കമന്റ് ചെയ്യുന്നത്. കൃത്യമായി പറഞ്ഞെന്നും തങ്ങളുടെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി വായിക്കാൻ കഴിയുന്നുണ്ട് എന്നുമാണ് പലരും പോസ്റ്റിനു കമന്റ് ചെയ്തിരിക്കുന്നത്.

മലയാളത്തിൽ 130ൽ അധികം സിനിമകളിൽ പാടിയിട്ടുള്ള ജ്യോത്സ്ന മലയാള സിനിമാ പിന്നണി ഗാനരംഗത്തെ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളാണ്. ജ്യോത്സ്നയുടെ പല ഗാനങ്ങളും മലയാളികളുടെ പ്ലേ ലിസ്റ്റിലെ പ്രിയപ്പെട്ട ഗാനങ്ങളാണ്.

Also read: അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ നായർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Menstruation is normal says singer jyotsna recounting her experience from school days