കീർത്തി സുരേഷ് നായികയാവുന്ന ‘ദസറ’ മാർച്ച് 30നു റിലീസിനെത്തുകയാണ്. നാനിയാണ് ചിത്രത്തിലെ നായകൻ. പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ശക്തമായ കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. വെന്നെല എന്നാണ് കീർത്തിയുടെ കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിലെ ‘ചംകീല അഗലേശി’ എന്നു തുടങ്ങുന്ന ഗാനരംഗവും ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ, വൈറലായ ആ ഗാനത്തിന് ചുവടുവെയ്ക്കുകയാണ് കീർത്തിയുടെ അമ്മയും നടിയുമായ മേനക. പാട്ടിനു ചുവടുവെയ്ക്കുന്ന മേനകയുടെ രണ്ടു വീഡിയോകളാണ് ശ്രദ്ധ നേടുന്നത്. ഒരു വീഡിയോയിൽ മേനകയ്ക്ക് ഒപ്പം മരുമകൻ നിതിൻ മോഹനെയും കാണാം. മൂത്തമകൾ രേവതി സുരേഷിന്റെ ഭർത്താവാണ് നിതിൻ.
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ദസറ നിർമ്മിക്കുന്നത്. നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് സംവിധായകൻ. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ കലാസംവിധാനം.
തെലുങ്കിലും തമിഴിലുമായി കൈനിറയെ പടങ്ങളാണ് കീർത്തിയെ കാത്തിരിക്കുന്നത്. തമിഴില്‍ ജയം രവി നായകനാകുന്ന ‘സൈറണ്‍’ എന്ന ചിത്രത്തിലും കീര്‍ത്തിയാണ് നായിക. ആന്റണി ഭാഗ്യരാജ് ആണ് സംവിധായകൻ. ‘ഭോലാ ശങ്കര്‍’ എന്നൊരു തെലുങ്ക് ചിത്രവും കീർത്തിയുടേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. കീർത്തിയുടെ ‘ടമാമന്നൻ’ എന്ന തമിഴ് ചിത്രവും ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞു.