ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു മേനക സുരേഷ്. അമ്മയുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയ കീർത്തിയും ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നായികയാണ്. ഇപ്പോഴിതാ, മേനകയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് മകൾ കീർത്തിയ്ക്ക് താൻ നൽകിയ ഉപദേശത്തെ കുറിച്ച് സംസാരിക്കുകയാണ് മേനക.
“രണ്ടേ രണ്ടു ഉപദേശം മാത്രമാണ് ഞാൻ കീർത്തിയ്ക്ക് നൽകിയത്. ഒന്ന് സമയം പാലിക്കുക. സെറ്റിൽ ചെറിയ ആളുകൾ മുതൽ വലിയ ആളുകളോട് വരെ ഒരേ പോലെ പെരുമാറുക. അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു, അത് സാരമില്ല. ആവശ്യമായ വിദ്യഭ്യാസം അവൾക്കുള്ളതുകൊണ്ട് അതൊന്നും പ്രശ്നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം ഉണ്ടാക്കരുത്. ഞാന്‍ സമ്പാദിച്ച് വെച്ച പേരുണ്ട്, അതുമാത്രം ഒന്നും ചെയ്യരുത്. ഞാനൊരിക്കലും ഒരിടത്തും വൈകി ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല,” മേനക പറയുന്നു.
‘റിങ്മാസ്റ്റർ’ സിനിമയിൽ അന്ധയായ പെൺകുട്ടിയെ അവതരിപ്പിക്കും മുൻപ് അമ്മയ്ക്ക് എന്തെങ്കിലും നിർദ്ദേശം തരാനുണ്ടോ എന്ന് കീർത്തി ചോദിച്ചെന്നും മേനക പറയുന്നു. “കണ്ണില്ലാത്തവർക്ക് ചെവി ഷാർപ്പാണ്, അതു മനസ്സിലാക്കി ചെയ്യുക എന്നാണ് ഞാൻ പറഞ്ഞത്. റഫറൻസിനു വേണ്ടി യോദ്ധയിലെ മോഹൻലാലിനെയും രാജ പാർവ്വൈയിലെ കമൽഹാസനെയും കാണാൻ പറഞ്ഞു.”
തെന്നിന്ത്യയിലെ പ്രമുഖ താരകുടുംബമാണ് മേനക സുരേഷിന്റേത്. മേനകയുടെ ഭർത്താവും നിർമാതാവുമായ സുരേഷ് കുമാറും ഇപ്പോൾ അഭിനയത്തിൽ സജീവമാണ്. മേനകയുടെ അമ്മ സരോജയും ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു. പേരക്കുട്ടി കീർത്തിയ്ക്ക് ഒപ്പം റെമോ എന്ന ചിത്രത്തിലായിരുന്നു സരോജയുടെ അരങ്ങേറ്റം. അമ്മയും അച്ഛനും സഹോദരിയും അമ്മൂമ്മയുമെല്ലാം അഭിനയത്തിൽ പഴറ്റുമ്പോൾ മേനക- സുരേഷ് കുമാർ ദമ്പതികളുടെ മൂത്തമകൾ രേവതിയുടെ ആഗ്രഹം സിനിമാസംവിധാനമാണ്. അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിക്കുകയാണ് രേവതി.
“രേവതിയെ ഒരു സംവിധായികയായി കാണണം. സംവിധാനം രേവതി സുരേഷ് കുമാർ എന്ന് സ്ക്രീനിൽ എഴുതി കാണിക്കുന്നത് കാണണം. അതു കഴിഞ്ഞാൽ എന്റെ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കും,” എന്നാണ് മകളെ കുറിച്ച് മേനക പറയുന്നത്.
വിവാഹശേഷം സിനിമയിൽ നിന്നും മാറിനിൽക്കുന്ന മേനക അടുത്തിടെ ‘ഭ്രമം’ എന്ന ചിത്രത്തിൽ ഒരു രംഗത്തിൽ അഭിനയിച്ചിരുന്നു.
Read More: ഞാനും നൈക്കും ഹയ്സ്റ്റിന് തയ്യാർ; ‘ബെല്ല ചാവോ’ പാടി കീർത്തി സുരേഷ്