കാർത്തികയും മേനകയുമൊക്കെ മലയാളസിനിമയിലെ ഒരു സുവർണ കാലഘട്ടത്തിന്റെ മുഖഛായയാണ് മലയാളികൾക്ക്. ഈ എവർഗ്രീൻ നായികമാരുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ എപ്പോഴും ആരാധകർക്ക് താൽപ്പര്യമാണ്. ഇടക്കാലത്ത് മേനക അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നെങ്കിലും കാർത്തിക സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. അപൂർവ്വമായി മാത്രമേ കാർത്തികയെ പൊതുവേദികളിൽ കാണാറുള്ളൂ.
നിർമാതാവ് കിരീടം ഉണ്ണിയുടെ മകന്റെ വിവാഹത്തിന് എത്തിയ കാർത്തികയുടെയും മേനകയുടെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇവർക്കൊപ്പം നടിമാരായ വിന്ദുജാമേനോൻ, ശ്രീലക്ഷ്മി, സോനാനായർ എന്നിവരെയും ചിത്രത്തിൽ കാണാം.
സിനിമാപ്രേമിയായ രാജേഷ് കുമാറാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
എൺപതുകളിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു കാർത്തിക. വിവാഹശേഷം അഭിനയജീവിതത്തോട് പൂർണ്ണമായി വിട പറഞ്ഞ് സിനിമയിൽ നിന്നും പൊതുപരിപാടികളിൽ നിന്നുമെല്ലാം മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്ക് ഇന്നും ഏറെയിഷ്ടമാണ് ഈ നടിയെ. അപൂർവ്വമായി വിവാഹവേദികളിലോ മറ്റോ എത്തുന്ന കാർത്തികയുടെ ചിത്രങ്ങൾ പോലും ആരാധകർക്ക് ആഘോഷമാണ്.