കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. 39 കാരനായ ചിരഞ്ജീവി ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. നടി മേഘ്ന രാജ് ആണ് ചിരഞ്ജീവിയുടെ ഭാര്യ. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്. മേഘ്ന ഗർഭിണിയാണെന്ന വാർത്തകൾ ചിരഞ്ജീവിയുടെ മരണത്തിന് പിന്നാലെയാണ് എത്തിയത്.
ചിരഞ്ജീവി സർജ മരിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ വികാരനിർഭരമായൊരു കുറിപ്പിലൂടെ അദ്ദേഹത്തെ ഓർക്കുകയാണ് മേഘ്നരാജ്. ചിരഞ്ജീവിക്കൊപ്പമുള്ളൊരു ചിത്രവും കുറിപ്പിനൊപ്പം മേഘ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also: കുഞ്ഞിനെ കാണാൻ കാത്തു നിൽക്കാതെ ചിരഞ്ജീവി പോയി; നെഞ്ചുപൊട്ടി മേഘ്ന
“ചിരു, ഞാൻ ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താനെനിക്ക് ആകുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് നിർവചിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.
ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോൾ, ‘ഞാൻ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ പതിയെ വേദനിച്ച് ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, പിന്നെ ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.
നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ?. നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു.”
MY CHIRU FOREVER pic.twitter.com/sqON30wHKR
— MEGHANA RAJ (@meghanasraj) June 18, 2020
2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും തമ്മിലുള്ള വിവാഹം. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.