തന്റെ പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവച്ച് മേഘ്‌ന. അകാലത്തിൽ തന്നെ പിരിഞ്ഞു പോയ പ്രിയപ്പെട്ടവന്റെ ഒപ്പം പണ്ട് എപ്പോഴോ ഒരു യാത്രയിൽ ഈഫൽ ടവറിന് സമീപം നിന്നെടുത്ത ചിത്രമാണ് മേഘ്ന പങ്കുവച്ചിരിക്കുന്നത്. ‘ഐ ലവ് യൂ! മടങ്ങി വരൂ’ എന്ന അടിക്കുറിപ്പോടെയാണ് മേഘ്ന ചിത്രം പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ സജീവമായ മേഘ്ന തനിക്ക് പ്രിയപ്പെട്ട നിമിഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
കഴിഞ്ഞ വർഷം ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം. പിന്നീടാണ് ഇവരുടെ കുഞ്ഞ് ജനിച്ചത്. ചിരഞ്‌ജീവിയുടെ മരണത്തിന് ശേഷം കുഞ്ഞിന്റെ വിശേഷങ്ങളുമായാണ് താരം ആരാധകർക്ക് മുന്നിൽ എത്തിയത്.
Read More: പ്രഭുദേവ വന്നതോടെ എന്‍റെ ആപ്പീസ് പൂട്ടി; സിനിമാനൃത്ത അനുഭവങ്ങളെക്കുറിച്ച് ശോഭന
കുഞ്ഞിന്റെ ജനനം മുതൽ ഓരോ മുഹൂർത്തങ്ങളും മേഘ്ന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ ചിത്രം പോലും വളരെ ആഘോഷമായി സന്തോഷത്തോടെയാണ് ആരാധകരുമായി പങ്കുവച്ചത്.
കഴിഞ്ഞ ദിവസം കുഞ്ഞിന് ആറു മാസം പൂർത്തിയായതിന്റെ ആഘോഷ വിശേഷങ്ങളും ചിത്രങ്ങളും മേഘ്ന പങ്കുവച്ചിരുന്നു. ”അപ്പയും ഞാനും നിന്നെ സ്നേഹിക്കുന്നു മോനെ” എന്ന അടിക്കുറിപ്പോടെ മകനെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് മേഘ്ന പങ്കുവച്ചത്. നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് കമന്റുകളുമായി എത്തിയിരുന്നു. ആറാം മാസം ആഘോഷിക്കുന്ന കുഞ്ഞിനുള്ള ആശംസകളായിരുന്നു ചിത്രത്തിൽ അധികവും.