കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്നയെ തേടിയെത്തിയത്. ഒരിക്കലും നികത്താനാവാത്ത ആ നഷ്ടം ഒരു സ്വകാര്യനൊമ്പരമായി മനസ്സിൽ സൂക്ഷിച്ചാണ് മേഘ്ന ഇപ്പോൾ കഴിയുന്നത്. എന്നാൽ വിശേഷ ദിവസങ്ങളിൽ എല്ലാം മേഘ്ന തന്റെ പ്രിയപ്പെട്ടവനെ ഓർക്കാറുണ്ട്.
ചിരഞ്ജീവി സർജയുടെ ജന്മദിനമായ ഇന്നും ആദ്ദേഹത്തിനൊപ്പമുള്ള പഴയ ചിത്രവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും മേഘ്ന പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഒരു സന്തോഷവാർത്തയും ആരാധകരെ അറിയിച്ചിട്ടുണ്ട്. പുതിയ ചിത്രം ആരംഭിക്കുന്നതിന്റെ വിശേഷമാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്.
“ഇതിനെക്കാൾ മികച്ച മറ്റൊരു ദിവസമില്ല, മറ്റൊരു ടീമിനും ഇത് മികച്ചതാകാൻ കഴിയില്ല.. ഇത് നിങ്ങളുടെ ജന്മദിനമാണ്, ഇത് നമ്മുടെ സ്വപ്നവും… ഇത് നിങ്ങൾക്കുള്ളതാണ്! പന്നയില്ലെങ്കിൽ ഞാൻ ഇതിനെക്കുറിച്ച് ചിന്തിച്ചിക്കുമോ എന്ന് എനിക്കറിയില്ല .. ഞാൻ ഇപ്പോൾ ശരിക്കും കുടുംബത്തിലാണ്… ഇത് ഔദ്യോഗികമാണ്… ക്യാമറ… റോളിംഗ്… ആക്ഷൻ!” മേഘ്ന കുറിച്ചു.
ചിരഞ്ജീവി സർജയ്ക്ക് ഒപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ജന്മദിനാശംസകളും മേഘ്ന നേർന്നിരുന്നു. “കഷ്ടപ്പാടിന്റെ അവസാനം എപ്പോഴും വിജയമാണ്. അഗ്നിപരീക്ഷണങ്ങൾ വലിയ കാര്യങ്ങൾ നേടാനുള്ള ഒരു വഴിയാണ്, ആ വിചാരണ ഒരിക്കലും എളുപ്പമല്ല. എല്ലാ പ്രതീക്ഷകളും മങ്ങുമ്പോൾ, ജീവിതം നിശ്ചലമാകുമ്പോൾ, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചമുണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം ചിരുവാണ്. തിളക്കമാർന്നതാകാൻ ആ വെളിച്ചത്തിലേക്കാണ് എന്റെ യാത്ര. പ്രിയപ്പെട്ട ഭർത്താവിന് ജന്മദിനാശംസകൾ.. എന്റെ ജീവിതം … എന്റെ വെളിച്ചം” മേഘ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Also Read: മാത്യൂസിന് പിറന്നാള് ആശംസകളുമായി പൃഥ്വി
ചിരുവിന്റെ ജന്മദിനത്തിൽ രാജകീയ വേഷത്തിലുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും മേഘ്ന പങ്കുവെച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂൺ ഏഴിനായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം. പിന്നീടാണ് ഇവരുടെ കുഞ്ഞ് ജനിച്ചത്. ചിരഞ്ജീവിയുടെ മരണത്തിന് ശേഷം കുഞ്ഞിന്റെ വിശേഷങ്ങളുമായാണ് താരം ആരാധകർക്ക് മുന്നിൽ എത്തിയത്.
കുഞ്ഞിന്റെ ജനനം മുതൽ ഓരോ മുഹൂർത്തങ്ങളും മേഘ്ന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ ചിത്രം പോലും വളരെ ആഘോഷമായി സന്തോഷത്തോടെയാണ് ആരാധകരുമായി പങ്കുവച്ചത്.