മേഘ്ന രാജിനെയും മകൻ ജൂനിയർ ചിരുവിനെയും മലയാളി പ്രേക്ഷകർക്ക് ഭയങ്കര ഇഷ്ടമാണ്. ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ തരണം ചെയ്ത് നിൽക്കുന്ന മേഘ്നയെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആരാധകർ ചേർത്ത് പിടിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ തന്റെ ജീവിതത്തിലെ സന്തോഷ മുഹൂർത്തങ്ങളെല്ലാം മേഘ്ന ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ മകൻ ജൂനിയർ ചിരുവിന് ആറു മാസം പൂർത്തിയായതിന്റെ സന്തോഷത്തിൽ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്ന.
മകനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മേഘ്ന. ”അപ്പയും ഞാനും നിന്നെ സ്നേഹിക്കുന്നു മോനെ” എന്ന അടികുറിപ്പോടെ മകനെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്. ആറാം മാസം ആഘോഷിക്കുന്ന കുഞ്ഞിനുള്ള ആശംസകളാണ് അധികവും.
Read Also: രണ്ടു മാസമുള്ളപ്പോഴാണ് മകന് കോവിഡ് വന്നത്, ഓരോ നിമിഷവും ഭയമായിരുന്നു: മേഘ്ന രാജ്
നേരത്തെ മകന് അഞ്ചു മാസം പ്രായമായപ്പോൾ ഇതുപോലൊരു പോസ്റ്റ് മേഘ്ന പങ്കുവെച്ചിരുന്നു. അന്ന് തന്റെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയെ പരിചയപ്പെടുത്തുകയാണ് എന്ന് പറഞ്ഞാണ് നടി പോസ്റ്റ് പങ്കുവെച്ചത്. ഗർഭകാലത്ത് തനിക്കൊപ്പം തന്റെ ഗൈനക്കോളജിസ്റ്റായിരുന്നു ഡോക്ടർ മാധുരി സുമന്ദിനെയാണ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മേഘ്ന ആരാധകർക്ക് പരിചയപ്പെടുത്തിയത്.
തന്റെ ഗൈനക്കോളജിസ്റ്റ് മാത്രമല്ല സഹോദരിയും ആത്മസുഹൃത്തും കുടുംബാംഗവുമെല്ലാമാണ് അവർ എന്ന് കുറിപ്പിൽ മേഘ്ന പറഞ്ഞിരുന്നു. തന്റെ പ്രയാസമേറിയ സമയത്ത് ഒപ്പം നിന്ന വ്യക്തിയാണ് അവരെന്നും അവർക്ക് നന്ദി പറയുകയാണെന്നും മേഘ്ന കുറിച്ചു.
ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ ആയിരുന്നു. കുഞ്ഞിന്റെ പോളിയോ വാക്സിനേഷൻ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടിൽ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്.