തന്റെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയെ പരിചയപ്പെടുത്തുകയാണ് പ്രിയനടി മേഘ്ന രാജ്. തന്റെ മകൻ ജൂനിയർ ചിരുവിന് അഞ്ച് മാസം പ്രായമായ ദിവസത്തിൽ തന്നെയാണ് ഗർഭകാലത്ത് തനിക്കൊപ്പം നിന്ന ഒരു വ്യക്തിയെ മേഘ്ന പരിചയപ്പെടുത്തുന്നത്. തന്റെ ഗൈനക്കോളജിസ്റ്റായിരുന്നു ഡോക്ടർ മാധുരി സുമന്ദിനെയാണ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മേഘ്ന ആരാധകർക്ക് പരിചയപ്പെടുത്തിത്തരുന്നത്.
തന്റെ ഗൈനക്കോളജിസ്റ്റ് മാത്രമല്ല സഹോദരിയും ആത്മസുഹൃത്തും കുടുംബാംഗവുമെല്ലാമാണ് അവർ എന്ന് കുറിപ്പിൽ മേഘ്ന് പറയുന്നു. തന്റെ പ്രയാസമേറിയ സമയത്ത് ഒപ്പം നിന്ന വ്യക്തിയാണ് അവരെന്നും അവർക്ക് നന്ദി പറയുകയാണെന്നും മേഘ്ന കുറിച്ചു.
View this post on Instagram
“ഡോക്ടർ മാധുരി സുമന്ത്! ശരി, ഞാൻ അവരെ എന്ത് വിളിക്കും? എന്റെ ഗൈനക്കോളജിസ്റ്റ്? ആത്മ സുഹൃത്ത്? മൂത്ത സഹോദരി? കുടുംബാംഗം? അവൾ എല്ലാം ആണ്! ജൂനിയർ സി ഇന്ന് 5 മാസം പൂർത്തിയാക്കി അവന്റെ ആറാം മാസത്തിലേക്ക് കടക്കുമ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഒപ്പം നിന്ന അവരെപ്പോലെ ഒരാൾ എന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടയാളാണെന്ന് ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു…” മേഘ്ന കുറിച്ചു.
Read More: ഞങ്ങളുടെ കുഞ്ഞു രഹസ്യങ്ങൾ; മേഘ്ന പറയുന്നു
“എനിക്ക് ആരോഗ്യകരമായ ഒരു ഗർഭം ഉണ്ടെന്ന് ഉറപ്പുവരുത്തിയ ഓരോ മിനിറ്റിലും അവർ എന്റെ അരികിൽ ഉണ്ടായിരുന്നു, ജൂനിയർ സി സുരക്ഷിതനാണെന്ന് അവർ ഉറപ്പുവരുത്തി! അവൻ ആരോഗ്യവാനും ശരിയായ സമയത്ത് ലോകത്തെ അഭിമുഖീകരിക്കാൻ തയ്യാറുമായിരുന്നു! നിങ്ങളുടെ ശാരീരിക ക്ഷേമം മാത്രമല്ല, വൈകാരിക ക്ഷേമവും ഉറപ്പാക്കുന്ന ഒരു ഡോക്ടർ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഡോ മാധുരി കഴിഞ്ഞ വർഷത്തിൽ അത് ഉറപ്പാക്കി! ഞാൻ മാത്രമല്ല. അവരുടെ രോഗികൾ എല്ലാം ശരിയായ പാതയിലാണെന്ന് ഉറപ്പാക്കുന്ന കുറച്ച് ഡോക്ടർമാരിൽ ഒരാളാണ് അവർ!” കുറിപ്പിൽ പറയുന്നു.
“നിങ്ങളില്ലായിരുന്നെങ്കിൽ, ആ മാസങ്ങളിലെല്ലാം ഞാൻ എങ്ങനെ വൈകാരികമായി അതിജീവിക്കുമായിരുന്നെന്ന് എനിക്കറിയില്ല! എന്റെ മകനെ സുരക്ഷിതമായി സൂക്ഷിച്ചതിന് നന്ദി നിങ്ങളോട് കടപ്പെട്ടിരിക്കുന്നു! അക്ഷ ഹോസ്പിറ്റലിന്റെ മുഴുവൻ സ്റ്റാഫുകൾക്കും നന്ദി! നിങ്ങളെല്ലാവരും ഞങ്ങൾക്ക് കുടുംബമാണ്! നിങ്ങൾക്ക് ആശംസകൾ,” എന്ന് പറഞ്ഞാണ് മേഘ്നയുടെ കുറിപ്പ് അവസാനിക്കുന്നത്.
ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്. കുഞ്ഞിന്റെ പോളിയോ വാക്സിനേഷൻ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടിൽ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്.
Read More: ഞങ്ങളുടെ രാജകുമാരൻ; മേഘ്നയുടെ കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവച്ച് നസ്രിയ