scorecardresearch

ഇരുണ്ട നാളുകളില്‍ വെളിച്ചമായവര്‍; മേഘ്ന രാജ് പറയുന്നു

ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേഘ്ന

ഇരുണ്ട നാളുകളില്‍ വെളിച്ചമായവര്‍; മേഘ്ന രാജ് പറയുന്നു

രണ്ടായിരത്തി ഇരുപതിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു തെലുങ്ക് താരം ചിരഞ്ജീവി സർജയുടെ മരണം. ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെ ആണ് അപ്രതീക്ഷിതമായി താരത്തിന്റെ വിയോഗം. ഭർത്താവിന്റെ അകാലവിയോഗത്തിന്റെ നടുക്കത്തിൽ നിന്നും മുക്തയാവുന്നേയുള്ളൂ മേഘ്ന. അടുത്തിടെ മേഘ്ന ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകിയിരുന്നു. പ്രിയപ്പെട്ടവന്റെ നഷ്ടമുണ്ടാക്കുന്ന വേദനകളെ ഇല്ലാതാക്കാൻ മകൻ എത്തിയ സന്തോഷത്തിലാണ് മേഘ്ന ഇപ്പോൾ.

ജീവിതത്തിലെ വലിയൊരു ദുഖത്തെ അതിജീവിക്കാനുള്ള യാത്രയിൽ തനിക്ക് പിന്തുണ നൽകിയ കൂട്ടുകാരികളെ കുറിച്ച് സംസാരിക്കുകയാണ് മേഘ്ന. “നസ്രിയയും ഫഹദുമായി ഏറെ അടുപ്പമുണ്ട് എനിക്ക്. അവരെന്നെ കാണാൻ ആശുപത്രിയിലും വന്നിരുന്നു. നസ്രിയയെ എനിക്ക് വർഷങ്ങളായി അറിയാം. വർഷങ്ങളായി അനന്യയും എന്റെ അടുത്ത സുഹൃത്താണ്. ഈ രണ്ടു കൂട്ടുകാരികളുമാണ് എന്റെ കരുത്ത്.
എന്റെ ജീവിതത്തിൽ ഞാൻ കടന്നുപോയ യാത്രകളിലെല്ലാം അനന്യയും നസ്രിയയും എന്റെ ഭാഗമായിരുന്നു.”

ചിരുവിന്റെ മരണം തന്നെ മാനസികമായി തളർത്തിയെന്നും ഇനി ജീവിക്കുന്നത് മകനു വേണ്ടിയാണെന്നും മേഘ്ന പറയുന്നു. ചിരുവിനോടും തന്റെ കുടുംബത്തിനോടും എല്ലാവരും കാണിച്ച സ്നേഹത്തിനും ആശ്വാസവാക്കുകൾക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.

“വിഷമഘട്ടത്തില്‍ മാതാപിതാക്കളും കുടുംബവും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും കൂടെനിന്നു. എന്റെ കുഞ്ഞിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാനാണ് ഞാനാഗ്രഹിക്കുന്നത്. ചിരുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു, അദ്ദേഹത്തെപ്പോലെ തന്നെ ഞാൻ ഞങ്ങളുടെ മകനെയും വളർത്തും.” മേഘ്ന പറയുന്നു.

മേഘ്നയ്ക്ക് കുഞ്ഞ് ജനിച്ച ഉടനെ തന്നെ നസ്രിയയും ഫഹദും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടിരുന്നു. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

മേഘ്ന പ്രസവിച്ചു എന്ന വാർത്തയറിഞ്ഞപ്പോൾ തന്നെ നസ്രിയയും അനന്യയും സന്തോഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ കുറിച്ചത്. ‘നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ,’ എന്നാണ് ചിരഞ്ജീവിയുടെ വിയോഗശേഷം പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്. ഈ വാക്കുകളെ നെഞ്ചിലേറ്റുകയാണ് നസ്രിയയും. മേഘ്നയും ചിരഞ്ജീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ.

 

View this post on Instagram

 

Junior Chiru welcome backk bhaii @chirusarja @megsraj

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

 

View this post on Instagram

 

A post shared by Ananyaa (@ananyaonline)

ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ആയിരുന്നു മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Read More: എന്റെ ഭായി തിരിച്ചുവന്നു; മേഘ്നയുടെ കൺമണിയെ വരവേറ്റ് നസ്രിയ

അടുത്തിടെ മേഘ്നയ്ക്കായി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ഒരുക്കിയ ബേബി ഷവർ പാർട്ടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങളും ഏറെ വൈറലായിരുന്നു. മേഘ്നയ്ക്ക് അരികിൽ ചിരഞ്ജീവിയുടെ ഒരു കട്ടൗട്ട് സ്ഥാപിച്ചു കൊണ്ടായിരുന്നു ബേബി ഷവർ പാർട്ടി.

ചിരഞ്ജീവി മരിച്ച് രണ്ടാഴ്ച പിന്നിട്ട സമയത്ത് ഏറെ വികാര നിർഭരമായൊരു കുറിപ്പ് മേഘ്ന പങ്കുവച്ചിരുന്നു. കുറിപ്പിൽ കുഞ്ഞിനായുള്ള​ കാത്തിരിപ്പിനെ കുറിച്ച് മേഘ്ന പറഞ്ഞതിങ്ങനെ:

“നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” ചിരുവിന്റെ ഓർമകളിൽ മേഘ്ന കുറിച്ചതിങ്ങനെ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Meghana raj nazriya ananya chiranjeevi sarja friendship