കഴിഞ്ഞ മാസം അന്തരിച്ച ചിരഞ്ജീവി സർജയുടെ ഓർമകൾക്കു മുന്നിൽ പ്രാർത്ഥനാപുഷ്പങ്ങളർപ്പിക്കുകയാണ് നടിയും ഭാര്യയുമായ മേഘ്നരാജും കുടുംബാംഗങ്ങളും. ചിരഞ്ജീവി യാത്രയായിട്ട് ഒരു മാസം പിന്നിടുമ്പോൾ താരത്തിന്റെ ആത്മശാന്തിയ്ക്കായി വീട്ടിൽ പ്രത്യേക പ്രാർത്ഥനായോഗം നടത്തുകയാണ് കുടുംബം. ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് കന്നടതാരം ചിരഞ്ജീവി സർജ (39) അന്തരിച്ചത്. ആരാധാകർക്കും കുടുംബാംഗങ്ങൾക്കുമെല്ലാം വലിയ ആഘാതമായിരുന്നു താരത്തിന്റെ മരണം.

പ്രാർത്ഥനായോഗത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മേഘ്ന. പ്രിയപ്പെട്ടവനെ കുറിച്ചുള്ള ഹൃദയസ്പർശിയായൊരു കുറിപ്പും മേഘ്ന പങ്കുവച്ചിട്ടുണ്ട്. “പ്രിയപ്പെട്ട ചിരു…. നീയൊരു ആഘോഷമായിരുന്നു, എന്നുമെപ്പോഴും… അങ്ങനെയല്ലാതെയിരിക്കാൻ നീ ആഗ്രഹിക്കുന്നില്ലെന്നറിയാം. ചിരുവാണ് എന്റെ ചിരികൾക്കു പിന്നിലെ കാരണം, നീയെനിക്ക് തന്നതെല്ലാം വിലപ്പിടിപ്പുള്ളതാണ്,” മേഘ്ന കുറിക്കുന്നു.

ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് മേഘ്ന ഇപ്പോൾ. മേഘ്ന മൂന്ന് മാസം ഗർഭിണിയായപ്പോഴാണ് ചിരഞ്ജീവിയുടെ മരണം. “ചിരു, ഞാൻ ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള​ കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താനെനിക്ക് ആകുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് നിർവചിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.”

“ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോൾ, ‘ഞാൻ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ പതിയെ വേദനിച്ച് ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, പിന്നെ ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.”

“നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ?. നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” ചിരുവിന്റെ ഓർമകളിൽ മേഘ്ന കുറിച്ചതിങ്ങനെ.

Read more: നമ്മുടെ കുഞ്ഞിലൂടെ നിന്നെ തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ; ചിരുവിന്റെ ഓർമകളിൽ മേഘ്ന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook