മലയാളക്കരയ്ക്ക് മമ്മൂട്ടി- മോഹൻലാൽ, തമിഴകത്തിന് രജനീകാന്ത്- കമൽഹാസൻ, ബോളിവുഡിന് ഖാൻ ത്രയങ്ങളായ ഷാരൂഖ്- ആമിർ- സൽമാൻ എന്നിങ്ങനെ ഓരോ സിനിമ ഇൻഡസ്ട്രിയും അഭിമാനത്തോടെ നെഞ്ചേറ്റുന്ന സൂപ്പർസ്റ്റാറുകളുണ്ട്. തെലുങ്ക് സിനിമയ്ക്ക് അതുപോലൊരു വ്യക്തിത്വമാണ് ചിരഞ്ജീവി. എഴുപതുകൾ മുതലിങ്ങോട്ട് മെഗാസ്റ്റാർ എന്ന പേരിനൊപ്പം തെന്നിന്ത്യൻ സിനിമാലോകം ചേർത്തുവയ്ക്കുന്ന അതേ ചിരഞ്ജീവി തന്നെ.
ചിരഞ്ജീവിയുടെ ചെറുപ്പകാലത്തുനിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

കൊണിഡേല ശിവശങ്കര വര പ്രസാദ് എന്ന ചിരഞ്ജീവി 1955 ഓഗസ്റ്റ് 22ന് ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ മൊഗൽത്തൂരാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു കോൺസ്റ്റബിളായിരുന്നു. അച്ഛന്റെ സ്ഥലമാറ്റങ്ങൾക്ക് അനുസരിച്ച് വിവിധയിടങ്ങളിലായാണ് ചിരഞ്ജീവി തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ചെറുപ്പം മുതലേ അഭിനയത്തോട് താൽപ്പര്യമുണ്ടായിരുന്ന ചിരഞ്ജീവി, കൊമേഴ്സിൽ ബിരുദം നേടിയ ശേഷം ചെന്നൈയിലേക്ക് താമസം മാറി, അഭിനയജീവിതം തുടരുന്നതിനായി 1976-ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.
‘പ്രാണം ഖരീടു’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് അങ്ങോട്ട് തെലുങ്ക് സിനിമാലോകത്ത് തന്റെതായൊരിടം പടുത്തുയർത്തുന്ന ചിരഞ്ജീവിയെ ആണ് പ്രേക്ഷകർ കണ്ടത്. തെലുങ്കിൽ മാത്രം 150ൽ ഏറെ ചിത്രങ്ങളിൽ ചിരഞ്ജീവി അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, കന്നഡ ഭാഷാചിത്രങ്ങളിലും ചിരഞ്ജീവി അഭിനയിച്ചു.
പുരസ്കാരങ്ങൾ
നാല് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തിൽ, മൂന്ന് ആന്ധ്രാപ്രദേശ് സംസ്ഥാന നന്ദി അവാർഡുകൾ, ഒരു രഘുപതി വെങ്കയ്യ അവാർഡ്, ഒമ്പത് ഫിലിംഫെയർ അവാർഡുകൾ, 2006-ൽ പത്മഭൂഷൺ, ആന്ധ്രാ സർവ്വകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് എന്നിവ അദ്ദേഹത്തെ തേടിയെത്തി.
രാഷ്ട്രീയ ജീവിതം
2000-ത്തിന് ശേഷം സജീവ സിനിമ ജീവിതം അവസാനിപ്പിച്ചു. പിന്നീട്, രാഷ്ട്രീയത്തിൽ ഇറങ്ങിയ ചിരഞ്ജീവി ആന്ധ്രാ പ്രദേശ് നിയമസഭയിൽ അംഗമാവുകയും, സാംസ്കാരിക ടൂറിസം മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്തു. ശേഷം, രാജ്യസഭ എംപിയായും സേവനം അനുഷ്ഠിച്ചു.
സിനിമ കുടുംബം
1980 ഫെബ്രുവരി 20-നായിരുന്നു ചിരഞ്ജീവിയുടെ വിവാഹം. തെലുങ്ക് ഹാസ്യ നടൻ അല്ലു രാമലിംഗയ്യയുടെ മകൾ സുരേഖയാണ് ചിരഞ്ജീവിയുടെ ഭാര്യ. സുസ്മിത, ശ്രീജ, നടൻ രാം ചരൺ എന്നിവരാണ് മക്കൾ.

ഇന്ന് തെലുങ്ക് സിനിമാലോകത്ത് ഏറെ സ്വാധീനമുള്ള സിനിമാകുടുംബങ്ങളിൽ ഒന്നാണ് ചിരഞ്ജീവിയുടേത്. ചിരഞ്ജീവിയുടെ ഇളയ സഹോദരൻ നാഗേന്ദ്ര ബാബു ചലച്ചിത്ര നിർമ്മാതാവും നടനുമാണ്. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ പവൻ കല്യാൺ നടനും രാഷ്ട്രീയക്കാരനുമാണ്. അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ അല്ലു അരവിന്ദും ചലച്ചിത്ര നിർമ്മാതാവാണ്. നടൻമാരായ അല്ലു അർജുൻ, അല്ലു സിരീഷ്, വരുൺ തേജ്, നിഹാരിക, സായ് ധരം തേജ് എന്നിവരുടെ അമ്മാവനാണ് ചിരഞ്ജീവി.

തിരിച്ചുവരവ്
ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ് ചിരഞ്ജീവി. ചിരഞ്ജീവിയും മകൻ രാം ചരണും ഒന്നിച്ച ‘ആചാര്യ’ എന്ന ചിത്രം അടുത്തിടെ റിലീസിനെത്തിയിരുന്നു. വാൾട്ടയർ വീരയ്യ, ഭോല ശങ്കർ, ഗോഡ്ഫാദർ എന്നിവയാണ് ചിരഞ്ജീവിയുടെ പുതിയ പ്രൊജക്റ്റുകൾ.