സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് സാമുവല്‍ റോബിന്‍സണ്‍. ചിത്രം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മലയാളി പ്രേക്ഷകര്‍ അയാളെ സ്‌നേഹത്തോടെ സുഡുമോന്‍ എന്നു വിളിച്ചു. ചിത്രം പൂര്‍ത്തിയാക്കി തിരികെ പോയ സാമുവല്‍ കേരളത്തെ മിസ്സ് ചെയ്യുന്നു, പൊറോട്ടയും ബീഫും മിസ്സ് ചെയ്യുന്നു എന്നെല്ലാം സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരോട് പറയുമായിരുന്നു.
വീണ്ടും സാമുവല്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രിയപ്പെട്ട സുഡുമോന്‍ പറയുന്നു താന്‍ സിംഗിളല്ല, തനിക്കൊരു കൂട്ടുകാരിയുണ്ടെന്ന്. കൂട്ടുകാരിക്കൊപ്പം നില്‍ക്കുന്ന ചിത്രവും സാമുവല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിനു താഴെ കമന്റുകളുടെ ബഹളമാണ്. ഭൂരിഭാഗം കമന്റുകളും വന്നിരിക്കുന്നത് മലയാളികളില്‍ നിന്നു തന്നെയാണ്.
‘തകരുന്ന ഹൃദയങ്ങള്‍ക്ക് ആദരാഞ്ജലികള്‍’, ‘ഗേൾ ഫ്രണ്ട് ഉണ്ടേലും ഞാൻ പ്രേമിക്കും’, ‘ഞമ്മക് ഒക്കെ ഒന്ന് വളഞ്ഞ കിട്ടണെങ്കി തന്നെ വല്യ ഇടങ്ങാറ ചങ്ങായി’ എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍.
മജീദ് (സൗബിൻ ഷാഹിർ) എന്ന ഫുട്ബോൾ ഭ്രാന്തന്റെ സെവൻസ് ഫുട്ബോൾ ടീമിൽ കളിക്കാനെത്തുന്ന നൈജീരിയക്കാരനാണ് സാമുവേൽ അബിയോള റോബിൻസൺ (അതേ പേരിലുള്ള നൈജീരിയൻ സിനിമാ താരം). അദ്ദേഹത്തിന്റെ മികച്ച പ്രകടനം നിരവധി ആരാധകരെയാണ് ചുരുങ്ങിയ ദിവസം കൊണ്ട് സൃഷ്ടിച്ചത്. പിന്നീട് തനിക്ക് അര്‍ഹിക്കുന്ന പ്രതിഫലം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയില്ലെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തി. ഇതുവലിയ വിവാദമായിരുന്നു. തുടര്‍ന്ന് സാമുവലിന് കൂടുതല്‍ പ്രതിഫലം നല്‍കി പ്രശ്‌നം പരിഹരിച്ചു.
Read More: എല്ലാം പറഞ്ഞ് ശരിയാക്കി, കേരളത്തില്‍ റേസിസമില്ല: സാമുവല്‍ റോബിന്‍സണ്‍
തനിക്ക് അര്‍ഹമായ പ്രതിഫലം നല്‍കാതിരുന്നത് വംശീയ വിദ്വേഷമാണെന്നായിരുന്നു നേരത്തെ സാമുവല്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ പ്രസ്താവന തെറ്റായിരുന്നുവെന്നും തെറ്റിദ്ധാരണ കാരണമാണ് അങ്ങനെ പറഞ്ഞതെന്നും സാമുവല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. കേരളത്തില്‍ റേസിസമില്ലെന്നും സൗഹാർദ്ദപരമായ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളമെന്നും താരം പറയുന്നു.
പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ വംശീയ വിദ്വേഷമില്ലായിരുന്നുവെന്നും ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്‌മെന്റിന്റെ വിശദീകരണത്തില്‍ നിന്നും, ആശയവിനിമയത്തിലെ തകരാറായിരുന്നു വിവാദം സൃഷ്ടിച്ചതെന്ന് മനസിലായെന്നും സാമുവല്‍ പറയുന്നു. കേരളത്തില്‍ വംശീയവിദ്വേഷമില്ലെന്ന് പറഞ്ഞ സാമുവല്‍ തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും പറഞ്ഞു.
‘കാഞ്ചനമാല കേബിള്‍ ടിവി’ എന്ന തെലുങ്ക് ചിത്രം ഒരുക്കിയ പാര്‍ത്ഥസാരഥി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലൂടെ സാമുവല്‍ തിരിച്ചെത്തുകയാണ്. ‘പര്‍പ്പിള്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വില്ലനായിട്ടായിരിക്കും സാമുവല്‍ എത്തുക. സിനിമയില്‍ വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്യാമ്പസ് ചിത്രമായിട്ടാണ് ‘പര്‍പ്പിള്‍’ ഒരുക്കുക.
Read More: സുഡുമോന്‍ മലയാളത്തിലേക്കു തിരിച്ചു വരുന്നു