തെന്നിന്ത്യന്‍ അഭിനേത്രി മീരാ വാസുദേവനെ മലയാളിയ്ക്ക് പരിചയം മോഹന്‍ലാല്‍ ചിത്രം ‘തന്‍മാത്ര’യിലെ നായികയായാണ്. ബ്ലെസ്സി ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ താരം പിന്നീട് അനേകം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളിലെത്തി.

രണ്ടു കുട്ടികളുടെ അമ്മയായി ‘തന്‍മാത്ര’യില്‍ എത്തിയ 37 വയസ്സുകാരിയായ മീര തന്റെ ഫിറ്റ്‌നെസ്സില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നയാളാണ്. മകന്‍ ഉണ്ടായ സമയത്ത് ശരീരത്തില്‍ വന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ തന്റെ ശരീരഭാരം 97 കിലോ ആയി വര്‍ദ്ധിച്ചു എന്നും പിന്നീട് വര്‍ക്ക്‌ ഔട്ട്‌ ചെയ്തു ആറു മാസം കൊണ്ട് 23 കിലോ കുറച്ചു എന്നും അടുത്ത് ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി.

“മകന്‍ ഉണ്ടായ ശേഷം തൈറോയിഡ് , ബി പി, വെര്‍ട്ടിഗോ, ചില ഇഞ്ചുറികള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായത് കാരണം ശരീരഭാരം വളരെയധികം കൂടി, ഏതാണ്ട് 97 കിലോ വരെ എത്തി. മകന്റെ അടുക്കല്‍ നിന്നും മാറി നില്‍ക്കാന്‍ പറ്റുന്ന സമയമായപ്പോള്‍ മുതല്‍ ഞാന്‍ അവനെ എന്റെ അച്ഛനമ്മമാരുടെ അടുക്കല്‍ ആക്കി വര്‍ക്ക്‌ ഔട്ട്‌ ചെയ്തു തുടങ്ങി. 2015ല്‍ ജിമ്മില്‍ പോയി തുടങ്ങി, ആറു മാസം കൊണ്ട് 23 കിലോ കുറഞ്ഞു.”

പ്രായം ഒന്നിനും ഒരു തടസ്സമല്ല, പ്രത്യേകിച്ച് വര്‍ക്ക്‌ ഔട്ട്‌ ചെയ്യാന്‍ എന്ന് അടിവരയിട്ട് കൊണ്ട് മുന്നേറുന്ന അമേരിക്കന്‍ ഗായിക മഡോണയാണ് തന്റെ ആരാധനാപാത്രമെന്ന് മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ മീര പറഞ്ഞിരുന്നു.

“അറുപതുകളിലും ശരീരഭാരം ശ്രദ്ധിച്ച്, ആരോഗ്യവതിയായിരിക്കുന്ന മഡോണയാണ് എന്റെ ‘ഐഡല്‍’. ഇത്തരം ഗായകരുടെയും അഭിനേതാക്കളുടെയുമൊക്കെ ചിത്രങ്ങള്‍ ഞാന്‍ എന്റെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിട്ടുണ്ട്. ഡയറ്റ് പാലിക്കാനും, വര്‍ക്ക്‌ ഔട്ട്‌ ചെയ്യാനുമൊക്കെയുള്ള എനര്‍ജി കിട്ടാന്‍ അതിലേക്കു ഒന്ന് നോക്കിയാല്‍ മതി.”

ഇപ്പോള്‍ ഒരു കൂട്ടം ഫിറ്റ്‌നെസ്സ് ട്രെയിനര്‍മാരുമായി ചേര്‍ന്നാണ് താന്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് താരം മിലിന്ദ് സോമന്‍ ആണ് ഇരുപത്തിയൊന്നാം വയസ്സ് മുതല്‍ ബോഡി ബില്‍ഡിംഗ്‌, വെയിറ്റ് ലിഫ്റ്റിംഗ് എന്നിവയില്‍ സജീവയായി പങ്കെടുക്കുന്ന മീരാ വാസുദേവന്റെ മറ്റൊരു പ്രചോദനം. മീരയുടെ ആദ്യ ചിത്രം ‘പ്യാര്‍ കാ സൂപ്പര്‍ഹിറ്റ്‌ ഫോര്‍മുല’യിലെ നായകനായിരുന്നു അഭിനേതാവും മോഡലുമായ മിലിന്ദ് സോമന്‍.

‘ചക്കരമാവിന്‍ കൊമ്പത്ത്’, ‘ഏകാന്തം’, ‘കാക്കി’, ‘പച്ചമരത്തണലില്‍’, ‘ഗുല്‍മോഹര്‍’, ‘ഓര്‍ക്കുക വല്ലപോഴും’, ‘അടങ്കാ മാറ്’ (തമിഴ്) എന്നിവയാണ് മീരാ വാസുദേവന്‍‌ അഭിനയിച്ചതില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍. പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന ‘സൈലെന്‍സര്‍’, ശ്രീനിവാസന്‍ ചിത്രം ‘കുട്ടിമാമ’ എന്നിവയിലാണ് ഏറ്റവുമടുത്ത് അവര്‍ അഭിനയിക്കുന്നത്. ‘സൈലെന്‍സറി’ല്‍ നടന്‍ ലാലിന്റെ ഭാര്യയായും, ശ്രീനിവാസന്‍ ചിത്രത്തില്‍ അമ്പതു വയസ്സുകാരിയായ ത്രീസമ്മ എന്ന കഥാപാത്രമായും ആണ് അവര്‍ എത്തുന്നത്‌.

 

 

View this post on Instagram

 

#meeravasudevan

A post shared by Rashid Anappadi (@rashid___anappadi_) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook